തിരുവനന്തപുരം : മേനംകുളം സ്വദേശി അതുൽ ഫ്രാങ്കിനെയാണ് ദേശീയ മത്സ്യ കർഷക ദിനത്തോടനുബന്ധിച്ച് മത്സ്യകൃഷി രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച കർഷകർക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം തേടിയെത്തിയത്. നൂതന മത്സ്യകൃഷി നടപ്പിലാക്കുന്ന മികച്ച കർഷകനുള്ള പുരസ്കാര നിറവിലാണ് അതിലും കുടുംബവും. 29 കാരനായ അതിൽ ബികോം പാസായതിനുശേഷം ആണ് മത്സ്യകൃഷി രംഗത്തേക്ക് കടന്നത്. ചെറിയ സ്ഥലത്തിൽ മത്സ്യകൃഷിനടത്തി പ്രാഥമിക പാഠങ്ങൾ മനസിലാക്കിയശേഷം 2021-ൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ വെട്ടുതുറയിലെ രണ്ടര ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി വിപുലീകരിച്ചത്. ഫിഷറീസ് വകുപ്പിന്റെ പി.എം.എം.എസ്.വൈ പദ്ധതിയിലൂടെ 2021ൽ ബയോഫ്ലോക് രീതിയിലുള്ള മത്സ്യകൃഷിയുടെ ശാസ്ത്രീയ വശങ്ങൾ മനസ്സിലാക്കുകയും തുടർന്ന് ‘ലെ മറീന ഫാം’ എന്ന പേരിൽ സർക്കാരിന്റെ ജൈവ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അമേരിക്കൻ ചെമ്മീനായ വനാമി കൃഷി ആരംഭിച്ചു. കടലിൽ നിന്നും നേരിട്ട് പമ്പ് ചെയ്യുന്ന ജലത്തിൽ ശുദ്ധജലം ചേർത്ത് നേർപ്പിച്ചെടുക്കുന്ന 17 പിപിടി ലവണാംശമുള്ള ജലമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്.
പ്രതിവർഷം 80 ടൺ വനാമി ചെമ്മീൻ അതുലിന്റെ ഫാമിൽ ഉത്പാദിപ്പിക്കുന്നു. ആദ്യകാലങ്ങളിൽ എക്സ്പോർട്ടിങ് കമ്പനികൾക്കാണ് ചെമ്മീൻ നൽകിയിരുന്നത് എന്നാൽ ഇപ്പോൾ ലോക്കൽ മാർക്കറ്റിലും മാളുകളിലേക്കുമാണ് നൽകുന്നത്. പുത്തൻതോപ്പ് ഫിഷറീസ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ പൂർണ്ണ പിന്തുണ തുടക്കം മുതൽ ലഭിക്കുന്നുണ്ട്. ജീവിതത്തിലെ ആദ്യ അവാർഡ് ആയതുകൊണ്ട് തന്നെ അതുലിന്റെ കുടുംബം ഒന്നാകെ സന്തോഷത്തിലാണ് അച്ഛൻ ഫ്രാങ്കിളിനെ കൂടാതെ അമ്മ ലീജാ ഫ്രാങ്ക് സഹോദരി കാവ്യാ ഫ്രാങ്കും എന്നിവരും ഫാമിൽ സഹായിക്കാറുണ്ട്.
