നെയ്യാറ്റിൻകര: നഗരസഭാ മൈതാനിയിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ വിശ്വാസി സമുഹത്തിൻ്റെ പ്രാർത്ഥനകളുടെ സാന്നിധ്യത്തില്‍ നെയ്യാറ്റിൻകര രൂപതയുടെ പിന്തുടർച്ചാവകാശമുള്ള സഹമെത്രാനായി ബിഷപ്പ് ഡോ.ഡി. സെൽവരാജൻ അഭിഷിക്തനായി. നാല്‍പ്പതോളം ബിഷപ്പുമാരും മുന്നൂറിലധികം വൈദികരും സന്ന്യസ്തരും പതിനായിരക്കണക്കിന് വിശ്വാസികളും പങ്കെടുത്ത നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിലെ വേദിയിലാണ് മെത്രാഭിഷേക ചടങ്ങുകൾ നടന്നത്. ഉച്ചയ്ക്ക് 3.30യോടെ സ്റ്റേഡിയത്തിലെത്തിയ ഡോ.സെൽവരാജനെയും ബിഷപ്പുമാരെയും കത്തിച്ച മെഴുകുതിരികൾ, ബൈബിൾ, അംശവടി എന്നിവ വഹിച്ച അൾത്താര ബാലന്മാരും വൈദികരും ചേർന്ന് പ്രദക്ഷിണമായി വേദിയിലേക്ക് ആനയിച്ചു.
പ്രധാന കാർമികനായ നെയ്യാറ്റിൻകര രൂപത ബിഷപ്പ് ഡോ. വിൻസെൻ്റ് സാമുവൽ തൈലാഭിഷേകം നടത്തിയും അധികാര ചിഹ്നങ്ങൾ അണിയിച്ചും മോൺ.ഡോ. ഡി. സെൽവരാജനെ ബിഷപ്പ് സ്ഥാനത്തേക്ക് ഉയർത്തി. ആർച്ച് ബിഷപ്പ് ലെയോപോൾഡോ ജിറെല്ലി വത്തിക്കാന്‍റെ പ്രതിനിധിയായി മെത്രാഭിഷേക ചടങ്ങിൽ പങ്കെടുത്തു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ രൂപതകളിൽനിന്നുള്ള മുപ്പതിലധികം ബിഷപ്പുമാർ സഹകാർമികരായി.
ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ഡോ.ലിയോപോൾഡോ ജിറേലി, തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത മോസ്റ്റ്. റവ. ഡോ. തോമസ് ജെ.നെറ്റോ, സി.ബി.സി.ഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ്പ് എമിരിത്തൂസ് ഡോ.എം. സൂസപാക്യം, ബിഷപ്പുമാരായ ഡോ.സ്റ്റാൻലി റോമൻ, മാർ ജോസഫ് കല്ലറങ്ങാട്ട്, മാത്യൂസ് മാർ പോളിക്കാർപ്പോസ് തുടങ്ങിയവർ പങ്കാളികളായി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സി.പി.എം നേതാവ് ആനാവൂർ നാഗപ്പൻ, എം.എൽ.എമാരായ എം.വിൻസെന്റ്, കെ. ആൻസലൻ, സി.കെ. ഹരീന്ദ്രൻ, ചാണ്ടി ഉമ്മൻ, കോൺഗ്രസ് നേതാക്കളായ വി.എസ്.ശിവകുമാർ, എൻ. ശക്തൻ, കേരള സർക്കാരിൻ്റെ ഡൽഹിയിലെ പ്രതിനിധി പ്രൊഫ. കെ.വി.തോമസ് തുടങ്ങിയവർ പങ്കെടുത്തു.
1996 ൽ സ്‌ഥാപിതമായ രൂപതയുടെ ചരിത്രത്തിലെ രണ്ടാമത്തെ മെത്രാഭിഷേക ചടങ്ങുകളാണ് നടന്നത്. വലിയവിള ഇടവകാംഗമായ ഡോ. സെൽവരാജൻ 1987 ലാണ് പൗരോഹിത്യം സ്വീകരിച്ചത്. 2000 ൽ ബെൽജിയത്തിലെ ലുവൈൻ യൂണിവേഴ്‌സിറ്റിയിൽ നിന്നു കാനൻ നിയമത്തിൽ ഡോക്‌ടറേറ്റ് കരസ്‌ഥമാക്കിയ അദ്ദേഹത്തിന് 5 വിദേശ ഭാഷകളിൽ പ്രാവീണ്യമുണ്ട് . 2007 മുതൽ മെത്രാൻ്റെ ഉപദേശക സമിതി അംഗമായും 2008 മുതൽ രൂപത ചാൻസിലറായും 2011 മുതൽ രൂപതയുടെ ജുഡീഷ്യൽ വികാറായും സേവനം അനുഷ്‌ഠിച്ചു വരുന്നതിനിടെയാണ് ഡോ സെൽവരാജൻ സഹമെത്രാനായി ഉയർത്തപ്പെട്ടത്.