തിരുവനന്തപുരം ∙ എം.വി.രാഘവൻ ട്രസ്റ്റ് ഏർപ്പെടുത്തിയ എംവിആർ പുരസ്കാരം മോൺ.യൂജിൻ പെരേരയ്ക്കു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സമ്മാനിച്ചു. സിപിഎമ്മിൽനിന്നു വിട്ടുപോന്നതിന്റെ പേരിലുണ്ടായ അക്രമങ്ങളെ സധൈര്യം നേരിട്ട് സ്വന്തം പാർട്ടി രൂപീകരിച്ച് യുഡിഎഫിനൊപ്പം ചേർന്ന് അതിനെ വളർത്താൻ എംവിആറിനു കഴിഞ്ഞു. സമാന ആക്രമണമാണു വിഴിഞ്ഞം സമരത്തിന്റെ പേരിൽ ഫാ.യൂജിൻ പെരേര നേരിടേണ്ടി വന്നത്. തീവ്രവാദികളെയെന്ന പോലെയാണു മോൺ.യൂജിൻ പെരേര ഉൾപ്പെടെ സമരത്തിനു നേതൃത്വം നൽകിയവരെ എൽഡിഎഫ് സർക്കാർ അവതരിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ട്രസ്റ്റ് ചെയർമാൻ സി.പി.ജോൺ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി എം.പി.സാജു,സിഎംപി ജില്ല സെക്രട്ടറി എം.ആർ.മനോജ്,സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി എ.നിസാർ എന്നിവർ പ്രസംഗിച്ചു.