കൊച്ചി: മതത്തെ മതമായി കാണാനും തീവ്രവാദത്തെ തീവ്രമായി കാണാനും അധോലോക പ്രവർത്തനങ്ങളെ അധോലോക പ്രവർത്തനങ്ങളായി കാണാനും സാധിക്കണമെന്ന് ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയില്‍. നിഗൂഡമായ അജണ്ടകളോടെ ആര് പ്രവർത്തിച്ചാലും അതിനെതിരെ ശരിയായ നടപടികളുണ്ടാകണം. അതിനകത്ത് ഒരു വിട്ടുവീഴ്ചയും പാടില്ല. അങ്ങനെ വരുമ്പോൾ സമൂഹം ഒത്തിരിയേറെ ശുദ്ധീകരിക്കപ്പെടുമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
ക്രൈസ്തവ ആരാധനയെയും പുരോഹിതരെയും സന്യാസികളെയുമെല്ലാം തിന്മയുടെ പക്ഷത്ത് നിർത്തിക്കൊണ്ടുള്ള സിനിമകൾ കഴിഞ്ഞ പത്ത് വർഷത്തിനിടെ ധാരളമായിരുന്നു. അത്തരം സിനിമകൾ ഇനിയും വർധിക്കാൻ സാധ്യതയുണ്ട്. ഇത് കണ്ട് കയ്യടിക്കുന്നവർ സഭയെക്കുറിച്ച് മതിപ്പില്ലാത്തവരായി മാറണമെന്നാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ആ ലക്ഷ്യവും അജണ്ടയും നമ്മൾ തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രധാനമെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.ക്രൈസ്തവ വിശ്വാസത്തെയും ആചാരങ്ങളെയും അവഹേളിക്കുന്ന സിനിമകളെ നിയന്ത്രിക്കാൻ സർക്കാർ സംവിധാനങ്ങൾ യുക്തമായ നടപടികൾ സ്വീകരിക്കണമെന്നും മാർ തോമസ് തറയിൽ ആവശ്യപ്പെട്ടു.