*വഖഫ് ബോര്‍ഡ് അവകാശവാദത്തില്‍ നിന്ന് പിന്മാറണമെന്ന് അഭ്യര്‍ഥന
കൊച്ചി: കോട്ടപ്പുറം രൂപതയില്‍ ഉള്‍പ്പെടുന്ന പള്ളിപ്പുറം പഞ്ചായത്തിലെ മുനമ്പം – കടപ്പുറം മേഖലയില്‍ ഭൂമി നഷ്ടമാകുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തിലും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തിലും കോട്ടപ്പുറം രൂപതയുടെ സഹകരണത്തോടെ 2024 വെള്ളിയാഴ്ച വൈകിട്ട് 4.30 ന് എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ സമ്മേളനം നടത്തുന്നു. സമ്മേളനത്തിന് മുനമ്പത്ത് പ്രവര്‍ത്തിക്കുന്ന ഭൂസംരക്ഷണസമിതി അംഗങ്ങളും പങ്കെടുക്കും.
1989 മുതല്‍ ഫാറൂക്ക് കോളജ് അധികൃതരില്‍ നിന്നും വിലയ്ക്കുവാങ്ങി നിയമാനുസൃതം രജിസ്റ്റര്‍ ചെയ്യപ്പെട്ട ആയിരത്തോളം ആധാരങ്ങളില്‍ ഉള്‍പ്പെട്ടതും 600 ല്‍പരം കുടുംബങ്ങള്‍ വസിക്കുന്നതുമായ ഭൂമി വഖഫ് ബോര്‍ഡ് ആസ്തി രേഖകളില്‍ ഉള്‍പ്പെടുത്തിയതിനാലും കേസുകള്‍ നടക്കുന്നതിനാലും ക്രയവിക്രയം നടത്താനോ പണയപ്പെടുത്തി ലോണ്‍ എടുക്കാനോ ഉടമസ്ഥര്‍ക്ക് കഴിയുന്നില്ല. വിവാഹം, കുട്ടികളുടെ പഠനം, ഭവന നിര്‍മ്മാണം തുടങ്ങി സ്ഥലവാസികളുടെ പല ആവശ്യങ്ങളും മുടങ്ങിക്കിടക്കുന്നു.
വഖഫ് ഭൂമി അല്ലാത്തതിന്റെ പേരിലും, ഇത്രയും ആളുകളുടെ മനുഷ്യാവകാശ വിഷയമായതുകൊണ്ടും വഖഫ് ബോര്‍ഡ് അധികാരികളോട് ഈ വിഷയത്തില്‍ നിന്ന് പിന്മാറണം എന്ന് അഭ്യര്‍ഥിച്ചുകൊണ്ടാണ് ദുരിതത്തില്‍ ആയിരിക്കുന്ന ഭൂവുടമകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സമ്മേളനം സംഘടിപ്പിക്കുന്നത്. ഈ സമ്മേളനത്തില്‍ രാഷ്ട്രീയ സാമുദായിക പ്രതിനിധികള്‍ പങ്കെടുക്കും.