തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ തീരദേശ ഹൈവേ പദ്ധതിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. വിഷയം യുഡിഎഫ് വിശദമായി ചര്‍ച്ച ചെയ്തുവെന്നും, മത്സ്യ തൊഴിലാളികളുടെ ആവാസവ്യവസ്ഥയെ പുതിയ ഹൈവേ പ്രതികൂലമായി ബാധിക്കുമെന്നും വി ഡി സതീശന് പറഞ്ഞു. ടൂറിസം വികസനമെന്ന പേരില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി മത്സ്യത്തൊഴിലാളികളുടെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും എന്ത് ആവശ്യത്തിനാണ് ഇങ്ങനെ ഒരു റോഡ് എന്ന് സര്‍ക്കാര്‍ ചിന്തിക്കണമെന്നും വി ഡി സതീശന് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്ച്ച് 66 പല മേഖലയിലും തീരദേശം വഴിയാണ് പോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്നെയെന്തിനാണ് തീരദേശ ഹൈവേയെന്ന് അദേഹം ചോദിച്ചു. പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കല്‍ നടത്തിയാല്‍ അവര്‍ക്ക് പകരം നല്കാന് ഭൂമിയുണ്ടാകില്ല. കേരളത്തില്‍ 63% തീരപ്രദേശവും വലിയ പ്രതിസന്ധിയിലാണ് തീരശോഷണം വന്‍തോതില്‍ നടക്കുന്ന സ്ഥലത്തു ദേശീയപാത പ്രായോഗികമല്ല. ഗുരുതരമായ പാരിസ്ഥിതിക പ്രശ്നമുണ്ടാകും. മത്സ്യത്തൊഴിലാളികളുടെ ആവാസ വ്യവസ്ഥയെ പുതിയ ഹൈവേ പ്രതികൂലമായി ബാധിക്കും. പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കുള്ള പാക്കേജ് നിലവിലുള്ളതിന്റെ മൂന്നിലൊന്ന് പോലും വരുന്നില്ലന്നും അദ്ദേഹം കുറ്റപ്പെടുത്തി. തീരദേശ വാസികളെ രണ്ടാംകിട പൗരന്മാരായാണോ സംസ്ഥാന സര്‍ക്കാര്‍ കാണുന്നതെന്ന് സതീശന് ചോദിച്ചു. നിലവില്‍ തീരദേശത്തുള്ള റോഡുകള്‍ നവീകരിച്ച് ദേശീയപാതയുമായി ബന്ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.