കൊച്ചി: ജൂലൈ 11ന് നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട CAG (Comptroller and Auditor General) റിപ്പോർട്ടിലെ ന്യൂനപക്ഷ സ്കോളർഷിപ്പുകളെ സംബന്ധിക്കുന്ന കണ്ടെത്തലുകൾ (റിപ്പോർട്ട് നമ്പർ 3, സെക്ഷൻ സി, അധ്യായം 6) ഗൗരവമേറിയതാണെന്നും സർക്കാർ അടിയന്തര തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നും കെസിബിസി ജാഗ്രത കമ്മീഷൻ. സ്കോളർഷിപ്പ് അപേക്ഷകളിൽ അനാസ്ഥകാണിക്കുകയും എന്നാൽ ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്കായുള്ള ഫണ്ട് പൊതു വിദ്യാഭ്യാസ വകുപ്പ് വകമാറ്റി ചെലവഴിച്ചെന്നുള്ള കണ്ടെത്തലും ഗുരുതരമാണ്.
- ഡി.ജി.ഇ. ഓഫീസിന്റെ ഉപയോഗത്തിനായി രണ്ടു പുതിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങാന്‍ 2019-ല്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഫണ്ടില്‍നിന്ന് 40.28 ലക്ഷം രൂപ ചെലവഴിച്ചു.
- 2019 സെപ്റ്റംബര്‍മുതല്‍ 2022 മാര്‍ച്ചുവരെ ഈ വാഹനങ്ങളുടെ ഇന്ധനം, അറ്റകുറ്റപ്പണി, ഇന്‍ഷുറന്‍സ് തുടങ്ങിയവയ്ക്കായി 10.58ലക്ഷം രൂപ ചെലവഴിച്ചു.
- നാഷണല്‍ മീന്‍സ്-കം-മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്താനും എ.സി., ഐ.പാഡുകള്‍, ടെലിവിഷന്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ വാങ്ങാനുമായി 10.98 ലക്ഷത്തിന്റെ ഫണ്ട് വകമാറ്റി.
- 2017-18 മുതല്‍ 2021-22 കാലയളവില്‍ മറ്റു ചെലവുകള്‍ക്കായി സ്‌കോളര്‍ഷിപ്പ് ഫണ്ടില്‍നിന്ന് 3.47 കോടി രൂപ അഡ്വാന്‍സെടുക്കാന്‍ ഡി.ജി.ഇ. അനുമതിനല്‍കി.
- 2021 ജനുവരിയില്‍ നാഷണല്‍ മീന്‍സ്-കം-മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്താന്‍ അഡ്വാന്‍സായി എടുത്ത 42.50 ലക്ഷം രൂപ തിരിച്ചുനല്‍കിയിട്ടില്ല.
- ക്ലാര്‍ക്കുമുതല്‍ ഡി.ജി.ഇ.വരെയുള്ള സ്ഥിരജീവനക്കാര്‍ക്ക് ശമ്പളത്തിനും അലവന്‍സുകള്‍ക്കുംപുറമേ, പ്രത്യേകപ്രതിഫലമായി 5.06 ലക്ഷം രൂപ സ്‌കോളര്‍ഷിപ്പ് ഫണ്ടില്‍നിന്നു നല്‍കി.
- ഇതിനൊന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിവാങ്ങിയിട്ടില്ല.
- ആയിരക്കണക്കിന് വിദ്യാർഥികളുടെ അപേക്ഷകൾ തുടർ നടപടികൾക്ക് വിധേയമാക്കാത്തതും, ഒരേ കുടുംബത്തിലെ രണ്ടിൽ കൂടുതൽ കുട്ടികൾക്ക് സ്കോളർഷിപ്പുകൾ ലഭിക്കാനിടയായതും, വിവിധ സ്കോളർഷിപ്പുകൾ ഒരേ വിദ്യാർത്ഥിക്ക് തന്നെ ലഭിക്കുന്നതും, പെൺകുട്ടികൾക്കായുള്ള സി എച്ച് മുഹമ്മദ്കോയ സ്കോളർഷിപ്പ് ആൺകുട്ടികൾക്ക് ലഭിക്കാനിടയായതും ഗുരുതരമായ വീഴ്ചകളാണ്.
ന്യൂനപക്ഷങ്ങൾക്കും, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും അനുവദിക്കപ്പെട്ടിട്ടുള്ള പദ്ധതികളിൽ കൃത്രിമം കാണിക്കുകയും, ഭരണഘടനാ ലംഘനങ്ങൾക്ക് മൗനാനുവാദം നൽകുകയും ചെയ്യുന്ന നയങ്ങൾ സർക്കാരോ ഏതെങ്കിലും സർക്കാർ വകുപ്പുകളോ, ഉദ്യോഗസ്ഥരോ സീകരിക്കുന്നുണ്ടെങ്കിൽ അത് അപലപനീയവും തിരുത്തപ്പെടേണ്ടതുമാണ്. ഭരണഘടനാനുസൃതമായി അർഹതപ്പെട്ട ആനുകൂല്യങ്ങൾ പൗരൻമാർക്ക് ഉറപ്പുവരുത്തുന്നതിൽ സംഭവിക്കുന്ന വീഴ്ച അത്യന്തം ഗുരുതരവും കുറ്റകരവുമാണ്. തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതോടൊപ്പം, തുടർന്ന് ഇത്തരം വിഷയങ്ങളിൽ സുതാര്യമായ ഇടപെടലുകൾ ഉറപ്പുവരുത്താൻ സർക്കാർ ശ്രദ്ധ ചെലുത്തുകയും, സേവനങ്ങളിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്യണം. സ്കോളർഷിപ്പുകളുടെ ക്രിയാത്മകവും നിയമാനുസൃതവും സുതാര്യവുമായ നടത്തിപ്പിനായി CAG നൽകിയിട്ടുള്ള ശിപാർശകൾ നടപ്പിലാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവുകയും വേണമെന്നും കെസിബിസി ജാഗ്രത കമ്മീഷൻ പ്രസ്താവിച്ചു.