കൊച്ചി: ക്രിസ്ത്യന്‍ സമുദായത്തിലെ പിന്നാക്ക വിഭാഗ പട്ടികയില്‍പ്പട്ട ലത്തീന്‍ കത്തോലിക്ക വിഭാഗത്തിന് സര്‍ക്കാര്‍ സര്‍വീസില്‍ മതിയായ പ്രാതിനിധ്യമില്ലെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. സംസ്ഥാനത്തെ 5,45,425 സര്‍ക്കാര്‍ ജീവനക്കാരില്‍ 22,542 പേരാണ് ലത്തീന്‍ സഭയില്‍ നിന്നുള്ളത്. അതായത് 4.13 ശതമാനം മാത്രമാണ് സര്‍ക്കാര്‍ ജോലിയില്‍ അവരുടെ പ്രാതിനിധ്യം.
കേരള സ്റ്റേറ്റ് കമ്മീഷന് ഫോര്‍ ബാക് വേര്‍ഡ് ക്ലാസസിന്റെ (കെ.എസ്.സി.ബി.സി) റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ തൊഴില്‍ രംഗത്ത് ലത്തീന്‍ സഭയുടെ പിന്നാക്കവസ്ഥ വ്യക്തമാക്കുന്നത്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കണക്ക് പ്രകാരം 18.3 ശതമാനമാണ് സംസ്ഥാനത്തെ ക്രിസ്ത്യന്‍ ജന വിഭാഗം. അവസാന സെന്‍സസിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ 2021 ല്‍ കേരളത്തിലെ ലത്തീന്‍ ജനസംഖ്യ 20,04,548 ആണ്. ഇത് സംസ്ഥാനത്തെ ജനസംഖ്യയുടെ ആറ് ശതമാനം വരും. സര്‍ക്കാര്‍ തൊഴില്‍ രേഖകളുമായി താരതമ്യം ചെയ്യുമ്പോള്‍ ജനസംഖ്യാനുപാതികമായി സര്‍ക്കാര്‍ തസ്തികയില്‍ 45.28 ശതമാനം കുറവുണ്ടെന്നാണ് കണക്കുകള്‍.