1170-ൽ സ്പെയിനിലെ കാലെരൂഗയിലാണ് വിശുദ്ധ ഡൊമിനിക് ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ സ്പാനിഷ് പ്രഭുക്കന്മാരും ഭരണകുടുംബവുമായി ബന്ധപ്പെട്ടവരുമായിരുന്നു എന്ന് കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ പിതാവ് ഫെലിക്സ് ഗുസ്മാനെയും അമ്മ വാഴ്ത്തപ്പെട്ട് ജോവാൻ ഓഫ് ആസയെയും കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ഒരു ഐതിഹ്യമനുസരിച്ച്, അദ്ദേഹത്തിന്റെ അമ്മ ഒരു ആശ്രമത്തിലേക്ക് തീർത്ഥാടനം നടത്തിയപ്പോൾ, പ്രസവിക്കാൻപോകുന്ന കുഞ്ഞിനെക്കുറിച്ച് ദർശനങ്ങൾ ഉണ്ടായി. അതിലൊന്നിപ്രകാരമയിരുന്നു, തന്റെ ഗർഭപാത്രത്തിൽ നിന്ന് വായിൽ ഒരു പന്തവുമായി ചാടുന്ന ഒരു നായയെ ജോവാൻ ദർശിച്ചു എന്നതാണ്. അവൻ “ഭൂമിക്ക് തീയിടുന്നതായി തോന്നി.” കഥയിൽ പറഞ്ഞതിനെ അടിസ്ഥാനമാക്കി ലാറ്റിൻ ഭാഷയിൽ കർത്താവിന്റെ നായ എന്നർത്ഥം വരുന്ന ഡൊമിനി കാനിസ് അഥവാ ഡൊമിനിക് എന്ന് മാതാപിതാക്കൾ അവന് പേരിട്ടു.
7 മുതൽ 14 വയസ്സു വരെ, അമ്മയുടെ സഹോദരനായിരുന്ന ഗുമീൽ ഡിസാൻ എന്ന വൈദികന്റെ കീഴിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. 1184-ൽ പലെൻഷ്യ സർവകലാശാലയിൽ ചേർന്ന ഡൊമിനിക് പത്തുവർഷത്തെ പഠനത്തിനിടെ ദൈവശാസ്ത്രത്തിലും ലളിതകലകളിലും ആഴമേറിയ അറിവുനേടി. അഗസ്തീനിയൻ സന്യാസസഭയിൽ ചേർന്ന അദ്ദേഹം 1194-ൽ തന്റെ 24-ാമത്തെ വയസ്സിൽ വൈദികനായി.
ഇന്നസെന്റ് മൂന്നാമൻ പാപ്പ, പാഷണ്ഡികളെ യഥാർത്ഥ വിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരാൻ, തെക്കൻ ഫ്രാൻസിലേക്ക് പോകാൻ ഡൊമിനിക്കിനോടാവശ്യപ്പെട്ടു. ആൽബിജെൻസിയൻ പാഷണ്ഡതയ്‌ക്കെതിരെ ലാളിത്യത്തിലും ജീവിതനൈർമ്മല്യത്തിലുമൂന്നി നടത്തിയ പ്രസംഗങ്ങൾ അനേകരെ സത്യ വിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവന്നു. വിശ്വാസം നഷ്ടപ്പെടുന്നവർക്കായി പ്രഭാഷണങ്ങളും ധർമോപദേശങ്ങളും നല്കുന്ന ഒരു സഭ രൂപീകരിക്കാൻ ഡൊമിനിക് ആഗ്രഹിച്ചു. ഡൊമിനിക് 1206-ൽ പ്രോയിലിൽ ഒരു സന്യാസഭവനം സ്ഥാപിച്ചു, അത് ആദ്യത്തെ ഡൊമിനിക്കൻ ഭവനമായി അറിയപ്പെട്ടു.
ഡൊമിനിക്ക് അവിടെ തങ്ങളുടെ ആസ്ഥാനം സ്ഥാപിച്ചു. ഈ മഠം ഇന്നും നോട്ട്-ഡേം-ഡി-പ്രൂയിൽ മൊണാസ്ട്രിയായി തുടരുന്നു. പ്രൂയിലിലെ സന്യാസാശ്രമത്തിലെ പ്രാർത്ഥനാ വേളയിലാണ് വിശുദ്ധ ഡൊമിനിക്കിന് ജപമാല ലഭിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. 1214-ൽ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണ വേളയിലാണ് ഇത് നടന്നതായി കരുതുന്നത് . ഈ ഐതിഹ്യം ചരിത്രകാരന്മാർക്കിടയിൽ തർക്കവിഷയമാണ്, എന്നാൽ ഈ സമയത്തിന് മുമ്പ് സമാനമായ പ്രാർത്ഥനാ രീതികൾ നിലവിലുണ്ടായിരുന്നുവെങ്കിലും, മരിയൻ ജപമാല ഈ രൂപത്തിൽ മുമ്പ് രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ, ഈ സംഭവത്തെത്തുടർന്ന് ജപമാലക്ക് പ്രചുരപ്രചാരം ലഭിച്ചു.
തന്റെ കാരുണ്യപ്രവർത്തനത്തിന്റെയും വചനപ്രഘോഷണത്തിന്റെയും ഫലമായി ഡൊമിനിക് പ്രശസ്തനായി. ഡൊമിനിക്കിനെ ബിഷപ്പാക്കണമെന്ന് അക്കാലത്തെ മറ്റു പല പ്രമുഖരും അവശ്യപ്പെട്ടു. ബിഷപ്പാകാനുള്ള മൂന്ന് അവസരങ്ങൾ അദ്ദേഹം നിരസിച്ചു. ബിഷപ്പ് ആകുന്നതിനേക്കാൾ ദരിദ്രനായി ഓടിപ്പോകുന്നതാണ് താനിഷ്ടപ്പെടുന്നതെന്ന് പറഞ്ഞു.
നിരവധി പ്രാവശ്യം പാപ്പായോട് ആവശ്യപ്പെട്ടതിനു ശേഷം, 1215 ജൂലൈയിൽ ഡൊമിനിക്കിന് സ്വന്തം സഭാസമൂഹം രൂപീകരിക്കാനുള്ള അനുമതി ലഭിച്ചു. ആറ് സന്യാസാർത്ഥികളും അദ്ദേഹത്തോടൊപ്പം ചേർന്നു. 1216 ഡിസംബർ 22-ന് സഭാസമൂഹം രൂപീകരിക്കുവാനുള്ള ഉത്തരവ് സ്ഥിരീകരിക്കപ്പെട്ടു, 1217-ൽ ഹോണോറിയസ് മൂന്നാമൻ പാപ്പ ഡൊമിനിക്കിനെയും അദ്ദേഹത്തിന്റെ അനുയായികളെയും “പ്രസംഗകരുടെ ക്രമം” എന്ന് പേര് വിളിച്ചു. പട്ടണപ്രദേശങ്ങളിലും വിദ്യാസമ്പന്നരുടെ ഇടയിലും മതപ്രഭാഷണം നടത്താൻ പ്രാപ്തരായിരിക്കണം തന്റെ സംഘാംഗങ്ങൾ എന്ന് ഡൊമിനിക്കിന് നിർബന്ധമുണ്ടായിരുന്നു അതിനുവേണ്ടി വലിയ സർവ്വകലാശാലകളുള്ളിടങ്ങളിൽ സഭാസമൂഹം സ്ഥാനമുറപ്പിച്ചു. ധർമോപദേശം നൽകുക, സർവകലാശാലകളിൽ ചേർന്ന് അധ്യയനം നടത്തുക എന്നിവയെല്ലാം സന്ന്യാസിമാരുടെ ദിനചര്യകളിൽപ്പെട്ടിരുന്നു.
1221 ജൂലൈയിൽ വെനീസിൽ വച്ച് ഡൊമിനിക്കിന് പനി ബാധിച്ചു. കിടക്ക നിരസിച്ചുകൊണ്ട് അദ്ദേഹം നിലത്ത് കിടക്കാനാണ് തീരുമാനിച്ചത്. എളിമയുടെയും കാരുണ്യത്തിന്റെയും മനോഭാവം തുടർന്നും നിലനിർത്താൻ അദ്ദേഹം തന്റെ സഹോദരങ്ങളെ ഉദ്‌ബോധിപ്പിച്ചു. ആഴ്ചകൾ നീണ്ട അസുഖത്തിന് ശേഷം, അദ്ദേഹം അവസാന കുമ്പസാരം നടത്തി, ഓഗസ്റ്റ് 6-ന് സഹോദരരുടെ സാന്നിധ്യത്തിൽ ബൊളോഞ്ഞയിൽ വച്ച് ഡൊമിനിക്ക് മരിച്ചു. അദ്ദേഹത്തിന് അപ്പോൾ പ്രായം 51 വയസ്സ് മാത്രമായിരുന്നു.
1234 ജൂലൈ 13-ന് ഗ്രിഗറി ഒമ്പതാമൻ പാപ്പ ഡൊമിനിക്കിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ തിരുനാൾ ഓഗസ്റ്റ് 8 നാണ് തിരസഭ ആഘോഷിക്കുന്നത്. ജ്യോതിശാസ്ത്രജ്ഞരുടെയും ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെയും കുറ്റാരോപിതരായ നിരപരാധികളുടെയും മാദ്ധ്യസ്ഥനാണ് വിശുദ്ധ ഡൊമിനിക്.
Malayalam Bible Quotes