വിഴിഞ്ഞം തുറമുഖപദ്ധതി ഉപേക്ഷിച്ച് അദാനി കേരളം വിടണമെന്നാവശ്യപ്പെട്ടുകൊണ്ട് മത്സ്യത്തൊഴിലാളി കർഷക സംയുക്തസമരസമിതി ജൂൺ 5-ന് ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹ സമരം തുടരുന്നു. തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിനു മുന്നിലായി ആരംഭിച്ച അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്റെ രണ്ടാം ദിവസം അതിരൂപത വികാരി ജനറൽ ജോൺ യൂജിൻ പെരേര സമര സ്ഥലം സന്ദർശിക്കുകയും അഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്തു.
സമുദ്ര ആവാസ പരിസ്ഥിതിയും, ബീച്ചുകളും തീരത്ത് വസിക്കുന്ന മനുഷ്യരും അവരുടെ ഭവനങ്ങളും ഉപജീവനവും ഒരുപോലെ സംരക്ഷിക്കപ്പെടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഏറ്റവുമധികം തീരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ശംഖുമുഖം കേന്ദ്രമാക്കിയാണ് സമരം ആരംഭിച്ചിരിക്കുന്നത്. വിഴിഞ്ഞത്തിന് വടക്ക് പനത്തുറ മുതൽ വേളി വരെ കടൽതീര ശോഷണം പതിന്മടങ്ങ് വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ നൂറുകണക്കിന് ആളുകളുടെ വീടുകൾ കടലേറ്റത്തിൽ തകർന്നതോടെ അഭയാർത്ഥികളായി സ്കൂളുകളിലും ഗോഡൗണുകളിലും കഴിയേണ്ട ദുരവസ്ഥയാണ് നിലവിലുള്ളത്. നിലവിലെ ഈ സാഹചര്യങ്ങളെ മുൻനിർത്തിക്കൊണ്ട് തീരദേശത്ത് വസിക്കുന്ന ജനങ്ങൾ, അവരുടെ സംഘടനകൾ, കർഷക, ആദിവാസി സംഘടനകൾ,പരിസ്ഥിതി സംരക്ഷണത്തിൽ താല്പര്യമുള്ള പ്രവർത്തകർ, പ്രസ്ഥാനങ്ങൾ എന്നിവർ കൂട്ടായി സംഘടിപ്പിച്ചിരിക്കുന്ന ഈ അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് കൂടംകുളം സമരനേതാവ് എസ് പി ഉദയകുമാർ ആണ് തുടക്കം കുറിച്ചത്.
വിഴിഞ്ഞം തുറമുഖം വന്നാൽ കേരള-തമിഴ്നാട് തീരം ഇല്ലാതാകും എന്ന് അദ്ദേഹം പറഞ്ഞു. വരുംതലമുറയ്ക്ക് വേണ്ടിയാണ് ഈ സമരം. പദ്ധതിക്ക് തുടക്കമിട്ടപ്പോൾ കര കടലെടുത്തു തുടങ്ങി. ഏറ്റവും കൂടുതൽ തീരം നഷ്ടപ്പെട്ടത് ശംഖുമുഖത്താണ്. വികസനമെന്നത് തുറമുഖം എന്ന് പറയുന്നവർ, ഉപജീവനത്തിനായി കടലിനെ ആശ്രയിക്കുന്നവരുടെ അവസ്ഥ തിരിച്ചറിയണം. അവരുടെ അതിജീവന പോരാട്ടമാണ് ഈ സത്യാഗ്രഹസമരം. മത്സ്യത്തൊഴിലാളികൾ ക്കൊപ്പം പൊതുസമൂഹം ഈ സമരം ഏറ്റെടുക്കാൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫാ. ജോസ് കളിയിക്കൽ തീര സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ അധ്യക്ഷനായി.
രാഷ്ട്രീയ കിസാൻ മഹാ സംഘ് ദേശീയ വൈസ് പ്രസിഡന്റ് ജോൺ ജോസഫ്, ബെഞ്ചമിൻ ഫെർണാണ്ടസ്, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധി വി. ഹരിലാൽ, എ ജെ വിജയൻ(കോസ്റ്റൽ വാച്ച്), സീറ്റ ദാസൻ(സേവാ യൂണിയൻ), സിസ്റ്റർ മേഴ്സി മാത്യു, ഡോ. ഡിറ്റോ ഡിക്രൂസ്, ജയ്സൺ ജോൺ(കോസ്റ്റൽ സ്റ്റുഡൻസ് കൾച്ചറൽ ഫോറം), ആർ സുഭാഷ്, ഫാ. ബേബി ചാലിൽ, സുഗതൻ പോൾ, ജെറോൺ ബേസിൽ, വിനോദ് തോമസ്, പ്രസാദ് സോമരാജൻ( പശ്ചിമഘട്ട സംരക്ഷണ സമിതി), ജനറ്റ് ക്ലീറ്റസ് എന്നിവർ സമര പരിപാടിയിൽ പ്രസംഗിച്ചു.