പൊഴിയൂർ: തെക്കേകൊല്ലങ്കോട് മുതൽ പരുത്തിയൂർ പൊഴിക്കര വരെ രൂക്ഷമായ തിരയടി തടയാൻ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പരുത്തിയൂർ ഇടവകയുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ചും മത്സ്യഭവന ഉപരോധവും നടന്നു. നാലു വർഷം മുൻപ് തമിഴ്നാട് ഭാഗത്ത് പുലിമുട്ട് സ്ഥാപിച്ചതോടെ പ്രദേശത്ത് രൂക്ഷമായ തിരയടിയിൽ അൻപത് മീറ്റർ വരെ തീരം കടലെടുത്തു. തിരയടി തടയാൻ ഒന്നേകാൽ കോടിയോളം രൂപ ചെലവിട്ട് സ്ഥാപിച്ച കടൽഭിത്തിയും ജിയോ ബാഗും അടക്കമുള്ള സംവിധാനങ്ങൾ ഒലിച്ചു പോയി. പരുത്തിയൂർ പൊഴിക്കരയിൽ കടലും നെയ്യാറും വേർതിരിക്കുന്ന മണൽ തിട്ടയുടെ വീതി പതിനഞ്ച് മീറ്ററിൽ താഴെയായി.
തിരയടി ശക്തമായതിനാൽ കാലവർഷത്തിനു മുൻപ് തന്നെ കടൽ നെയ്യാറിലേക്കു നേരിട്ട് ഒഴുകുന്ന സ്ഥിതി ആണ്. ഇങ്ങനെ സംഭവിച്ചാൽ പ്രത്യാഘാതം പ്രവചനാതീതം എന്നാണ് മത്സ്യതൊഴിലാളികളുടെ മുന്നറിയിപ്പ്. ഇന്നലെ രാവിലെ പരുത്തിയൂർ ദേവാലയ പരിസരത്ത് നിന്നുമാരംഭിച്ച മാർച്ച് പൊഴിയൂർ ജംക്ഷൻ ചുറ്റി പാലത്തിനു സമീപത്തെ മത്സ്യഭവൻ ഉപരോധിച്ചു. പരുത്തിയൂർ ഇടവക വികാരി ഫാ. ജേക്കബ്ബ് സ്റ്റെല്ലസ് സമരം ഉദ്ഘാടനം ചെയ്തു. സഹവികാരി ഫാ .റോബിൻ ബാൾഡിൻ, പൂവാർ ഇടവക വികാരി ഫാ അനീഷ്, പൊഴിയൂർ ശ്രീ മഹാദേവ ക്ഷേത്ര ഭരണസമിതി സെക്രട്ടറി രാജൻ.വി പൊഴിയൂർ, പൊഴിയൂർ മുസ്‌ലിം ജമാ അത്ത് ഇമാം മുഹമ്മദ് യാസീൻ ബാഖവി, പരുത്തിയൂർ ഇടവക കൗൺസിൽ അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ഒന്നര മണിക്കൂർ നീണ്ട പ്രതിഷേധത്തിൽ ആയിരത്തോളം പേർ പങ്കെടുത്തു.