വത്തിക്കാന്‍ സിറ്റി: ഈ കാലഘട്ടത്തില്‍ ക്രിസ്തുവിന്റെ സാക്ഷികളായി രക്തസാക്ഷിത്വം വരിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. മാര്‍ച്ച് മാസത്തിലെ പ്രാര്‍ത്ഥനാനിയോഗം വിശദീകരിച്ചുകൊണ്ട് പുറത്തിറക്കിയ ‘ദി പോപ്പ് വീഡിയോ’യില്‍ രക്തസാക്ഷികളുടെ ധീരതയും മിഷനറി തീക്ഷ്ണതയും സഭയിലുടനീളം നിറയുന്നതിനായാണ് പാപ്പ പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചത്.
എല്ലാ കാലത്തും നമ്മുടെ ഇടയില്‍ രക്തസാക്ഷികളുണ്ടാകുമെന്നും നാം ശരിയായ പാതയിലാണെന്നുള്ളതിന്റെ തെളിവാണതെന്നും പാപ്പ വീഡിയോയില്‍ പറയുന്നു. ലെസ്ബോസിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കണ്ട യുവാവിന്റെ കാര്യവും പാപ്പ വീഡിയിയോയില്‍ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയുടെ കഴുത്തിലുള്ള ക്രൂശിതരൂപം നിലത്തെറിയുവാന്‍ ഭീകരര്‍ ആവശ്യപ്പെട്ടെങ്കിലും അവള്‍ അതിന് തയാറായില്ല. അദ്ദേഹത്തിന്റെ കണ്‍മുമ്പില്‍ വച്ച് അവര്‍ അദ്ദേഹത്തിന്റെ ഭാര്യയെ കൊലപ്പെടുത്തി. സ്വന്തം ജീവന്‍ ത്യജിച്ചും ക്രിസ്തുവിനോട് വിശ്വസ്തത പുലര്‍ത്തിയ ഭാര്യയിലൂടെ പ്രകടമായ ക്രിസ്തുവിന്റെ സ്നേഹം ജീവിക്കുവാന്‍ ശ്രമിക്കുന്ന ആ യുവാവ് ആരോടും പക സൂക്ഷിക്കുന്നില്ലെന്നും പാപ്പ പറഞ്ഞു. സുവിശേഷത്തിന് വേണ്ടി റിസ്‌ക് എടുക്കുന്നവരുടെ ധീരതയും മിഷനറി തീക്ഷ്ണതയും സഭയില്‍ നിറയുന്നതോടൊപ്പം രക്തസാക്ഷിത്വത്തിനുള്ള കൃപയെ തുറവിയോടെ സമീപിക്കുവാന്‍ അവര്‍ക്ക് സാധിക്കുന്നതിനുവേണ്ടിയും പ്രാര്‍ത്ഥിക്കുവാന്‍ പാപ്പ ആഹ്വാനം ചെയ്തു.