സ്ത്രീപുരുഷ സമത്വം വാക്കുകളിൽ ഒതുങ്ങുകയും പ്രായോഗികമാക്കപ്പെടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളതെന്ന് ഫ്രാൻസിസ് പാപ്പ. ഏപ്രിൽ മാസത്തെ പ്രാർത്ഥനാനിയോഗ വീഡിയോ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ സത്രീകൾക്കെതിരായ വിവേചനങ്ങളും പീഡനങ്ങളും അവസാനിപ്പിക്കുകയും എല്ലാ സംസ്കാരങ്ങളിലും അവരുടെ പങ്കും ഔന്നത്യവും ആദരിക്കപ്പെടുകയും ചെയ്യേണ്ടതിനെക്കുറിച്ചു പരമാർശിക്കുന്നത്.
സ്ത്രീകളുടെ ശബ്ദം നാം ഇല്ലാതാക്കരുത്. പീഡനത്തിനിരകളായിട്ടുള്ളവരായ സ്ത്രീകളുടെ ശബ്ദം നാം തടയരുത്. അവർ ചൂഷണം ചെയ്യപ്പെടുകയും പാർശ്വവത്കരിക്കപ്പെടുകയും ചെയ്യുന്നു. വ്യക്തികളെന്ന നിലയിൽ സ്ത്രീയ്ക്കും പുരുഷനും തുല്യ അന്തസ്സുണ്ടെന്ന് നാം തത്ത്വത്തിൽ അംഗീകരിക്കുന്നു. എന്നാൽ അത് പ്രായോഗികമാക്കപ്പെടുന്നില്ല. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സർക്കാരുകൾ വിവേചനപരമായ നിയമങ്ങൾ ഇല്ലാതാക്കാൻ പ്രതിജ്ഞാബദ്ധമാകുകയും സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പാക്കാൻ പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ട്.
നാം സ്ത്രീകളെയും അവരുടെ അന്തസ്സിനെയും മൗലികാവകാശങ്ങളെയും ആദരിക്കണമെന്നും അപ്രകാരം ചെയ്യാത്ത പക്ഷം സമൂഹത്തിന് പുരോഗതിയുണ്ടാകില്ലെന്നും വ്യക്തമാക്കുന്ന പാപ്പാ എല്ലാ സംസ്കാരങ്ങളിലും സ്ത്രീകളുടെ ഔന്നത്യവും അവരുടെ സമ്പന്നതയും അംഗീകരിക്കപ്പെടുന്നതിനും ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ അവർ വിധേയരാക്കപ്പെടുന്ന വിവേചനത്തിന് വിരാമമുണ്ടാകുന്നതിനും വേണ്ടി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു.