വത്തിക്കാൻ: ദൈവത്തിങ്കലേക്ക് തിരികെ വരാൻ പരിശ്രമിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ. മാർച്ചുമാസം ആറാം തീയതി ബുധനാഴ്ച്ച നടന്ന പൊതുകൂടിക്കാഴ്ച്ച വേളയിലാണ് ഫ്രാൻസിസ് പാപ്പാ യുവജനങ്ങൾക്ക് പ്രത്യേകമായ ഉപദേശം നൽകിയത്. പതിവായി തന്റെ പൊതുകൂടിക്കാഴ്ച വേളയിൽ, സന്ദേശാനന്തരം നടത്തുന്ന, അഭ്യർത്ഥനകളിൽ യുവജനങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് പ്രത്യേകം എടുത്തു പറയാറുണ്ട്. നിറഞ്ഞ കൈയ്യടികളോടെയാണ് പരിശുദ്ധ പിതാവിന്റെ വാക്കുകൾ വിശ്വാസികൾ ശ്രവിക്കുന്നതും, സ്വീകരിക്കുന്നതും.
നോമ്പുകാലത്ത്, ധൈര്യപൂർവം, നമ്മെ തടവിലാക്കുന്ന തിന്മകളിൽ നിന്നും പുറത്തുകടക്കുവാൻ പരിശ്രമിക്കണമെന്ന് പാപ്പാ പറഞ്ഞു. കാരണം, തിന്മകൾ നമ്മുടെ ജീവിതത്തെ യാഥാർഥ്യത്തിൽ നിന്നും മറയ്ക്കുന്ന മുഖം മൂടികളാണെന്നും, അവയിൽ നിന്നും മോചനം പ്രാപിച്ചുകൊണ്ട് പൂർണ്ണ ഹൃദയത്തോടെ ദൈവത്തിങ്കലേക്കു തിരികെ വരണമെന്നും പാപ്പാ അടിവരയിട്ടു. കാരണം തന്റെ ഹൃദയത്തിന്റെ അഗാധതയിൽ നിന്നും നമ്മെ ഏറെ സ്നേഹിക്കുന്നവനാണ് ദൈവം, പാപ്പാ കൂട്ടിച്ചേർത്തു. അവസാനം, യുദ്ധത്തിന്റെ വേദനകൾ ജീവിതത്തിൽ പേറുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുവാനും പാപ്പാ അഭ്യർത്ഥിച്ചു.