വത്തിക്കാൻ: ഫ്രാൻസിസ് പാപ്പാ തുടങ്ങിവച്ചതും പതിനൊന്ന് വർഷമായി തുടർന്നു വരുന്നതുമായ തപസ്സു കാലത്തെ പ്രാർത്ഥനയുടെയും അനുരജ്ഞനത്തിന്റെയും 24 മണിക്കൂർ “കർത്താവിനായി 24 മണിക്കൂർ’’ എന്ന സംരംഭം ഈ വർഷം മാർച്ച് 8, 9 തിയതികളിലായി നടക്കും. തപസ്സു കാലത്തിലെ നാലാമത്തെ ഞായറാഴ്ച ജാഗരണത്തിലാണ് ഓരോ വർഷവും ഇത് ആചരിക്കുന്നത്. ഈ വർഷത്തെ ആപ്തവാക്യമായി ഫ്രാൻസിസ് പാപ്പാ തിരഞ്ഞെടുത്തത് റോമാക്കാർക്കെഴുതിയ ലേഖനത്തിലെ ആറാമധ്യായത്തിൽ നിന്നുള്ള “പുതുജീവിതത്തിലേക്കു നടക്കുക“ എന്ന വിഷയമാണ്.
ഉയിർപ്പു തിരുനാളിന് ഒരുക്കമായി വെള്ളിയാഴ്ച വൈകിട്ട് തുടങ്ങി ശനിയാഴ്ച മുഴുവൻ ദിവസവും സഭാ സമൂഹങ്ങൾ പള്ളികൾ മുഴുവൻ തുറന്നിടാനും, വിശ്വാസികൾക്ക് ആരാധനയ്ക്കും കുമ്പസാരത്തിനുമുള്ള സൗകര്യമൊരുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ദേവാലയങ്ങളുടെ തുറന്നിട്ട വാതിൽ ദൈവത്തിന്റെ കരുണാർദ്ര സ്നേഹത്തിന്റെ പ്രതീകമാണ്. ഈ വർഷത്തെ “കർത്താവിനായുള്ള 24 മണിക്കൂർ” ജൂബിലിക്ക് ഒരുക്കമായുള്ള പ്രാർത്ഥനാ വർഷത്തിൽ വരുന്നതിനാൽ പ്രാർത്ഥനയ്ക്കും അനുരഞ്ജനത്തിനുമുള്ള അവസരമായിരിക്കും.