ഇത് ചരിത്രം സൃഷ്‌ടിച്ച സമരം. പതിനായിരത്തോളം പേർ ഒരേസമയം കടലും കരയും ഉപരോധിച്ച് സമരമുഖത്തണിനിരന്നത് കേരളചരിത്രത്തിലെ ആദ്യ സമരരീതിയായി. അദാനി തുറമുഖകവാടം ഉപരോധിച്ചുകൊണ്ടുള്ള മത്സ്യത്തൊഴിലാളികളുടെ സമരം കൂടുതൽ ശക്തിയാർജിക്കുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. വിഴിഞ്ഞം തുറമുഖ നിർമ്മാണം കാരണം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്ന തീരഗ്രാമത്തിൽ നിന്നുള്ളവരായതു കൊണ്ടുതന്നെ സമരത്തിനെത്തിയവരുടെ പ്രതികരണം വൈകാരികമായിരുന്നു. തങ്ങളുടെ ഗ്രാമത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാണെന്ന തിരിച്ചറിവുള്ളതുകൊണ്ടുതന്നെ ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തുന്നവരുടെയും സാമൂഹികപ്രതിബദ്ധത കാണിക്കുന്നവരുടെയും രീതിയിലല്ല മറിച്ച എല്ലാം നഷ്ടമാകുന്നവന്റെ വീര്യത്തോടെയാണ് നിർമ്മാണ പ്രവർത്തനം നടക്കുന്ന മേഖല ജനം നോക്കിക്കണ്ടത്. പതിനായിരത്തോളം പേരുൾപ്പെട്ട ജനാവലിയാണ് ഇന്നലെ നടന്ന ഉപരോധസമരത്തിൽ പങ്കെടുത്തത്. ജൂബിലി ആശുപത്രിയും, കർമ്മലീത്താ സഭയും, സലേഷ്യൻ സഭയും, എറുണാകുളം-അങ്കമാലി, ചങ്ങനാശ്ശേരി രൂപതകളിൽ നിന്നുമുൾപ്പെടെയുള്ളവരും, കോവളം ഫെറോനയിലെ ഏതാനും ഇടവകകളിൽ നിന്നുള്ളവരും ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയതോടെ സമരപ്പന്തൽ നിറഞ്ഞു കവിഞ്ഞു.
അഞ്ഞൂറിൽപരം വാഹനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് രാവിലെ ഒൻപതിന് ആരംഭിച്ച വാഹനറാലി ജനബാഹുല്യം നിമിത്തം സമരവേദിക്കരികിലെത്താൻ രണ്ട് മണിക്കൂറാണെടുത്തത്. വാഹനങ്ങളിലെത്തിയ തീരജനത കഴിഞ്ഞ ദിവസങ്ങളിലുള്ളതിനെക്കാൾ വേഗത്തിൽ കുറുകേ വച്ചിരുന്ന ബാരിക്കേഡുകളും, വിലങ്ങനെ നിന്ന പോലീസിനേയും വകഞ്ഞുമാറ്റി തുറമുഖത്തേക്കിരച്ചു കയറി.
വിഴിഞ്ഞം ഹാർബറിൽ നിന്ന് ഫ്ളാഗ് ഓഫ് ചെയ്ത കടൽ ഉപരോധ സമരത്തിന് പൂന്തുറയിൽ നിന്നും വള്ളങ്ങളുമെത്തിയതോടെ കടലിലും ഉപരോധം ആരംഭിച്ചു. മാധ്യമ പ്രവർത്തകർക്കായി പ്രത്യേക വള്ളങ്ങളും സജ്ജമാക്കിയിരുന്നതിനാൽ കേരളക്കരയാകെ ഭവനങ്ങളിലിരുന്നു തന്നെ കടൽ-കര ഉപരോധ സമരം കണ്ടു. കരയിലൂടെയെത്തിയ സമരക്കാർ കടലിൽ നൂറോളം വള്ളങ്ങളുമായെത്തിയവർക്ക് അഭിമുഖമായി നിന്ന് തുറമുഖത്തിനുള്ളിൽ പ്രതിഷേധ മുദ്രാവാക്യങ്ങളുയർത്തി.
പൂന്തുറ ഇടവകക്കൊപ്പം അയൽ ഇടവകകളായ ചെറിയതുറ, സെന്റ് സെബാസ്റ്റ്യൻ വെട്ടുകാട്, സെന്റ് സേവിയേഴ്സ് വലിയതുറ എന്നീ ഇടവകകളിൽ നിന്നുള്ളവരും ഇടവകവികാരിമാരും, ഫെറൊനയിലെ വൈദികരും, നിരവധി സന്യസ്തരും സമരത്തിൽ പങ്ക് ചേർന്നിരുന്നു.