വലിയതുറ പോര്‍ട്ട് ഗോഡൗണില്‍ താമസിക്കുന്നൊരമ്മയുണ്ട് പെണ്ണമ്മ ലിഫോറി, 66-ാം വയസ്സിൽ കൂട്ടിനെത്തിയതാണ് സ്തനാർബുദം. ഭാര്യയുടെ രോഗാവസ്ഥയിലും രാവും പകലും കാവലിരിക്കുകയാണ് 72-കാരനായ ഭർത്താവ് ലിഫോറി. ആരോഗ്യമുള്ള കാലത്ത് അദ്ധ്വാനിച്ച് നിര്‍മ്മിച്ച തങ്ങളുടെ സ്വപ്ന ഭവനം,മക്കളൊക്കെ ഓടിക്കളിച്ച മുറ്റം, അതൊന്നും തന്നെയിപ്പൊ ഇല്ലെന്ന നൊമ്പരപ്പെടുത്തുന്ന വേദന പങ്കുവയ്ക്കുകയാണ് ലിഫോറി. ഞങ്ങളുടെ അദ്ധ്വാനം മുഴുവന്‍ കടലമ്മ കൊണ്ടു പോയി.രോഗാവസ്ഥയിലായിരിക്കുന്ന ഭാര്യ മാത്രമാണ് ഇപ്പോഴത്തെ തന്‍റെ ഏക സമ്പാദ്യമെന്ന് വേദനയോടെ പറയുകയാണ് അദ്ദേഹം.ഗോഡൗണിലെ പൊടിയും, ഈച്ച ശല്ല്യവുമൊക്കെ സഹിച്ച് ഈ രോഗാവസ്ഥയിലായിരിക്കുന്ന ഭാര്യയെ പരിചരിച്ച് 4 വര്‍ഷം കൊണ്ട് ഇവിടെ കഴിയുകയാണ്. മഴ പെയ്യുമ്പോള്‍ ഇതിനുള്ളിലും വെള്ളമിറങ്ങും.ഉണര്‍ന്നിരുന്ന് പാത്രങ്ങളൊക്കെ നിരത്തി വച്ച് അകത്ത് വെള്ളം കെട്ടിനില്‍ക്കാതെ സൂക്ഷിക്കണം. അല്ലെങ്കില്‍ കിടന്നുറങ്ങാന്‍ കഴിയാതെ വരും.നാല് വര്‍ഷമായി ഞങ്ങളിവിടെ ഈ ദുരിതം അനുഭവിച്ചു തീര്‍ക്കുകയാണ്.സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഞങ്ങളുടെ ദുരവസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണ്.
സ്കൂളില്‍ പോകുന്ന ഒത്തിരി കുട്ടികളുണ്ടിവിടെ.അവര്‍ക്കിവിടെ സ്വസ്ഥമായി ഇരുന്ന് പഠിക്കുവാനോ, കളിക്കുവാനോ സൗകര്യമില്ല.മക്കളുടെ ഭാവിയോര്‍ത്ത് ഇവിടത്തെ ഓരോ അമ്മമ്മാര്‍ക്കും,അപ്പന്മാര്‍ക്കും ആശങ്കയുണ്ട്.എന്തെങ്കിലും അസുഖം വന്നാല്‍ പോലും ആരും ഞങ്ങളെ തിരിഞ്ഞു നോക്കാനില്ല.വേറൊന്നും വേണ്ട,സുരക്ഷിതമായി തലചായ്ച്ചുറങ്ങാനൊരു ഭവനം മതി ഞങ്ങള്‍ക്ക്.ഞങ്ങളുടെ കാലം കഴിയാറായി.രോഗിയായ ഭാര്യയെ നോക്കി ഈ വൃദ്ധന്‍ നാലു കൊല്ലമായി ഇവിടെയിരിക്കുന്നു.ക്യാന്‍സറിന്‍റെ നുറുങ്ങുന്ന വേദനയും സഹിച്ച്, ഈ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഇനിയെത്രനാള്‍ കൂടി നരകയാതന അനുഭവിക്കേണ്ടി വരുമെന്നറിയില്ല.ഞങ്ങളും മനുഷ്യരല്ലേ?