തൂത്തൂർ സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതാദ്ധ്യക്ഷൻ ഡോ. തോമസ് ജെ. നെറ്റോ ഇടയസന്ദർശനം നടത്തി. ഇടയ സന്ദർശനത്തോടനുബന്ധിച്ച് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി നടന്നു. ഇടവക കൈവരിച്ച നേട്ടങ്ങളെയും ഏറെ പ്രത്യേകിച്ച് കാൽപന്തുകളിയിൽ യുവജങ്ങളുടെ മുന്നേറ്റം, മത്സ്യത്തൊഴിലാളികളുടെ ആഴക്കടൽ മത്സ്യബന്ധന വൈദഗ്ധ്യം എന്നിവ തന്റെ സന്ദേശത്തിൽ എടുത്തുപറയുകയും അഭിനന്ദിക്കുകയും ചെയ്തു. ദിവ്യബലിക്കുശേഷം സെമിത്തേരി, കടൽ എന്നിവയെ ആർച്ച്ബിഷപ്പ് വെഞ്ചരിച്ചു. രോഗികളെയും വയോജനങ്ങളെയും സന്ദർശിച്ചുക്കൊണ്ട് അവർക്കായി പ്രാർത്ഥിച്ചു.

തുടർന്ന് ഗായകസംഘം, അൾത്താര ബാലകർ, മതബോധന വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി അവരുടെ സേവനങ്ങളെ പ്രശംസിച്ചു. ബിസിസി ജനറൽ ബോഡി മീറ്റിംഗിൽ പങ്കെടുത്ത മേത്രാപ്പോലീത്ത വിവിധ ശുശ്രൂഷകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകി. വിവിധ അൽമായ സംഘടനകളുമായും ആത്മീയ സംഘടകളുമായും, ഇടവകയിൽ സേവനം ചെയ്യുന്ന സന്യസ്തരുമായും നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം പാരിഷ് കൗൺസിൽ, ഫിനാൻസ് കൗൺസിൽ മീറ്റിംഗിൽ അതിരൂപതാദ്ധ്യക്ഷൻ പങ്കെടുത്തു. സന്ദർശനം ഇടവക സമൂഹത്തിൽ ആത്മീയ ഉണർവിന്റെയും ഐക്യത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങൾ പ്രദാനം ചെയ്തെന്ന് ഇടവകംഗങ്ങൾ പറഞ്ഞു. ഇടയ സന്ദർശനത്തോടനുബന്ധിച്ചുള്ള ക്രമീകരണങ്ങൾക്ക് ഇടവക വികാരി ഫാ. സെൽവരാജ് CMF സഹവികാരി ഫാ. നെപ്പോളിയൻ CMF എന്നിവർ നേതൃത്വം നൽകി.

