പുല്ലുവിള: വാഴ്ത്തപ്പെട്ട കാർലോയുടെ വിശുദ്ധ പദവി പ്രഖ്യാപന ദിനത്തിൽ ദിവ്യബലിയർപ്പിച്ചും കലാസന്ധ്യയൊരുക്കിയും അവിസ്മരണീയമാക്കി പുല്ലുവിള ഇടവകയിലെ കാർലോസ്റ്റാർസ് എന്ന സംഘടന. ആധുനിക ലോകത്തിൽ ദിവ്യകാരുണ്യത്തിന്റെ വിശുദ്ധൻ എന്നറിയപ്പെടുന്ന വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റസിന്റെ ജീവിത മാതൃക അനുകരിച്ചുകൊണ്ട് ഇന്നത്തെ പുതുതലമുറയെ ദൈവഹിതത്തിലും പുണ്യപ്രവർത്തികളിലും മൂല്യ അധിഷ്ഠിതമായ ജീവിതത്തിലും വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 2022-ൽ പുല്ലുവിള ഇടവകയിൽ രൂപീകരിച്ചതാണ് കാർലോസ്റ്റാർസ്. ഇടവക വികാരി ഫാ. ആന്റണി എസ്. ബിയാണ് സംഘടന രൂപംനൽകുന്നതിന് നേതൃത്വം നൽകിയത്. എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെയുള്ള 200-ൽ പരം കുട്ടികളെ ആധുനിക ലോകത്തെ വിശ്വാസ സംരക്ഷകരായി പരിശീലിപ്പിക്കുകയും അവരുടെ കഴിവുകളെ വളർത്തുവാൻ തക്കരീതിയിൽ ക്ലാസുകളും കളികളും പകർന്നു നൽകി എല്ലാ ഞായറാഴ്ചകളിലും പ്രത്യേക ദിവസങ്ങളിലും കാർലോസ്റ്റാർസ് ഒരുമിച്ച് കൂടിവരുന്നു.