പുല്ലുവിള: മതബോധന വിദ്യാർഥികൾക്ക് നോമ്പുകാലത്തിന്റെ ആത്മീയ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് കൂദാശകളുടെ ആഴങ്ങളിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ ക്ലാസുകളൊരുക്കി പുല്ലുവിള ഇടവക മതബോധന സമിതി. ഫെബ്രുവരി 15 ഞായറാഴ്ച ‘ഉറവയിലേക്ക്’ എന്നപേരിൽ നടന്ന ക്രിസ്തീയ വിശ്വാസ ജീവിത പരിശീലന പരിപാടിയിൽ വിവിധ പ്രായത്തിലുള്ള വിദ്യാർത്ഥികൾക്കായി പ്രത്യേക സെഷനുകൾ ക്രമീകരിച്ചു.
പ്ലസ് വൺ, പ്ലസ് ടു, ഡിഗ്രി, പി.ജി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി ‘വിവാഹം എന്ന കൂദാശയുടെ ആത്മീയതയും ഉത്തരവാദിത്തങ്ങളും’ എന്ന വിഷയത്തിൽ ഫാ. ആന്റണി എസ് ബി ക്ലാസ് നയിച്ചു. 7 മുതൽ 10വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി ‘ജീവിതത്തിലെ ദൈവവിളി തിരിച്ചറിയുക’ എന്ന വിഷയത്തിൽ ഫാ. റീഗൻ, ഫാ. ക്രിസ്തുദാസ് എന്നിവർ ക്ലാസ്സുകളെടുത്തു. 4, 5, 6 ക്ലാസുകളിലെ കുട്ടികൾക്കായി ‘ആദ്യകുർബാന – സ്നേഹത്തിന്റെ വിരുന്ന്’ എന്ന വിഷയത്തെ ആസ്പദമാക്കി വിന, സിസ്റ്റർ റിനി എന്നിവരും ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. കെ. ജി മുതൽ മൂന്നാം ക്ലാസ് വരെയുള്ള കുരുന്നുകൾക്കായി ‘ജ്ഞാനസ്നാനം – വിശ്വാസത്തിലേക്കുള്ള വാതിൽ’ എന്ന വിഷയത്തിൽ സുഖിൽ, ജിത്തുമോൾ, ഹേമ, ജിൻസി എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.

