നെല്ലിയോട്: തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ കോവളം ഫൊറോനയിൽ 60 കുടുംബങ്ങൾ മാത്രമുള്ള മിഷൻ ഇടവകയായ നെല്ലിയോട് ഇടവക തിരുനാൾ വചനാധിഷ്ടിതമായി ആഘോഷിച്ചു. തിരുനാൾ ദിനമായ ഡിസംബർ 7 ഞായറാഴ്ച അമലോതഭവ മാതാ ഇടവകയിലെ വിശ്വാസികൾ ദേവാലയത്തിൽ ഒത്തുചേർന്ന് ഒരോരുത്തർക്കും നിയോഗിച്ചിട്ടുള്ള ബൈബിൾ ഭാഗം ധ്യാനാത്മകമായി വായിച്ചു. രാവിലെ എട്ടു മുതൽ ഒൻപത് വരെ നടന്ന ആത്മീയ പരിപാടിയിൽ ഇടവകയിലെ വയോജനങ്ങൾ, മാതാപിതാക്കൾ, യുവാക്കൾ, കുട്ടികൾ തുടങ്ങി ഏവരും പ്രാർഥനാപൂർവം പങ്കെടുത്തു. ഇടവക വികാരി ഫാ. വിജിൽ ജോർജ്ജിന്റെ മേൽനോട്ടത്തിൽ നടന്ന ബൈബിൾ വായനയിൽ ബൈബിൾ ഭാഗം വിഭജിക്കുന്നതിനും വിശ്വാസികളെ ഒരുക്കുന്നതിനും സിസ്റ്റർ ആനിമേറ്റർ ക്രിസ്റ്റീന നേതൃത്വം നൽകി. ചെറിയൊരു വിശ്വാസ സമൂഹം ഉൾക്കൊള്ളൂന്ന മിഷൻ ഇടവകയായ നെല്ലിയോട് ഇടവക, തിരുനാൾ ദിനം തിരുവചനം ധ്യാനിച്ചുകൊണ്ട് ആത്മീയവളർച്ച കൈവരിക്കാൻ നടത്തിയ ഈ പരിപാടി മാതൃകാപരമാണ്.

