പേട്ട: വിശുദ്ധ അന്നാമ്മയുടെ നാമധേയത്തിലുള്ള പേട്ട ഇടവകയിൽ ‘പ്രത്യാശയുടെ ദീപസ്തംഭമാവുക’ എന്ന വിഷയത്തെ ആസ്പദമാക്കി യുവജനദിനം ആഘോഷിച്ചു. തിരുസഭ പ്രത്യാശയുടെ തീർത്ഥാടകരാകുവാൻ നമ്മെ ക്ഷണിക്കുമ്പോൾ, സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ പോരാടുവാനും സമൂഹത്തിൽ പ്രത്യാശ നഷ്ടപ്പെട്ടവർക്ക് പ്രത്യാശ നൽകുവാനുള്ള സന്ദേശവുമായാണ് യുവജനദിനാഘോഷം അർത്ഥപൂർണ്ണമാക്കിയത്. ഇടവക വികാരി ഫാ. തിയോഡേഷ്യസ് പതാക ഉയർത്തി ദിനാചരണത്തിന് തുടക്കം കുറിച്ചു. തുടർന്ന് നടന്ന ദിവ്യബലിക്ക് ഫാ. ദാസൻ മുഖ്യകാർമികത്വം വഹിച്ചു.
ദിവ്യബലിക്ക് ശേഷം ലഹരിക്കെതിരെ പോരാടുവാൻ ആഹ്വാനം ചെയ്തും ലഹരി വിപത്തിനെ ബോധവത്കരിച്ചും യുവജനങ്ങൾ അവതരിപ്പിച്ച തെരുവ് നാടകം പള്ളിയങ്കണത്തിൽ അരങ്ങേറി. തുടർന്ന് നടന്ന വാർഷിക സമ്മേളനത്തിൽ ജസ്റ്റിസ് സിറിൽ മുഖ്യാഥിതിയായിരുന്നു. ഇടവക വികാരി ഫാ. തിയോഡേഷ്യസ് , സഹവികാരി ഫാ. സിബിൻ ജോർജ്ജ്, കെ.സി.വൈ.എം രൂപത പ്രസിഡൻ്റ് ജോൺബ്രിട്ടോ വാൾട്ടർ, സെക്രട്ടറി സയന ജോൺസൻ, എന്നിവർ സന്നിഹിതരായിരുന്നു.