കാഞ്ഞിരംപാറ: തിരുവനന്തപുരം അതിരൂപതയിലെ വട്ടിയൂർക്കാവ് ഫൊറാനായിൽ ഉൾപ്പെടുന്ന കാഞ്ഞിരംപാറ വിമലഹൃദയ മാതാ ദേവാലയത്തിൽ പന്തക്കുസ്താ തിരുനാൾ ദിനത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. റിച്ചാർഡ് സഖറിയാസ് ആദ്യാക്ഷരം കുറിച്ചു കൊടുത്തു. തളികയിൽ നിരത്തിയ അരിമണികളിൽ കുഞ്ഞുവിരലുകളാൽ “യേശു” എന്ന് എഴുതിപ്പിക്കുകയും കുഞ്ഞുങ്ങളുടെ കാതുകളിൽ യേശു എന്ന് വൈദികൻ ഉരുവിടുകയും ചെയ്തു. പശ്ചാത്തലത്തിൽ പരിശുദ്ധാത്മാവിന്റെ ഗാനവും ഇടവക സമൂഹത്തിന്റെ പ്രാർത്ഥനയും ചടങ്ങിനെ ആത്മീയമായി അർത്ഥപൂർണമാക്കി.