വിഴിഞ്ഞം: വിഴിഞ്ഞം ഇടവകയിൽ 4 മണിക്കൂറിൽ സമ്പൂർണ ബൈബിളിന്റെ കയ്യെഴുത്തുപ്രതി തയ്യാറാക്കി. ലാ സാന്താ ബിബ്ലിയ 2024 എന്ന പേരിൽ നടത്തിയ ബൈബിൾ കയ്യെഴുത്തുപ്രതി തയ്യാറാക്കുന്ന പരിപാടിയിലാണ് 900 പേർ 4 മണിക്കൂർകൊണ്ട് സമ്പുർണ ബൈബിൾ പകർത്തിയെഴുതിയത്. ഈ സംരഭത്തിൽ ഇടവകയിലെ എല്ലാ പ്രാദേശികത്തിൽ നിന്നും വിവിധ പ്രായത്തലുള്ള സ്ത്രീ പുരുഷ പങ്കാളിത്തം ഉണ്ടായിരുന്നു. മതബോധന വിദ്യാർത്ഥികളുൾപ്പെടെയുള്ളവർ പങ്കെടുത്ത പരിപാടി 2024 ഡിസംബർ മാസമാണ് നടന്നത്. ദൈവമായ വചനം മനുഷ്യനായതിന്റെ മഹോത്സവമായ ക്രിസ്തുമസ് ആഘോഷിക്കുന്ന ഡിസംബർ മാസം ജീവിതം വചാനാനുസൃതമാകണമെന്ന ഓർമ്മപ്പെടുത്തലായിമാറി ലാ സാന്താ ബിബ്ലിയ 2024.
എഴുതി പൂർത്തിയാക്കിയ ബൈബിളിന്റെ പ്രകാശനകർമ്മം ഇടവക മധ്യസ്ഥയായ പരിശുദ്ധ സിന്ധുയാത്ര മാതാവിന്റെ തിരുനാൾ ദിനത്തിൽ ദിവ്യബലി മധ്യേ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത പ്രകാശനം ചെയ്ത് കൈയ്യൊപ്പ് പതിപ്പിച്ചു. കൂടാതെ ഇടവകയിലെ ഒരു കുടുംബത്തിലെ ജെന്നിഫർ കെന്നഡി, ജാസ്മിൻ കെന്നഡി എന്നിവർ പകർത്തിയെഴുതിയ ബൈബിളുകളും അഭിവന്ദ്യ മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു.