പാളയം: ഓണാഘോഷവവും മാതാവിന്റെ ജനന തിരുനാളും വ്യത്യസ്തമായ ദൃശ്യ വിസ്മയമൊരുക്കി പാളയം ഇടവകയിലെ മതബോധന അധ്യാപകരും വിദ്യാർത്ഥികളും. പൂക്കളം നിർമ്മിച്ചും ഓണപ്പാട്ടുകൾ പാടിയും ദേശീയോൽസവം ആചരിക്കുന്ന പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി വിശാലമായ വചനപൂക്കളം ഒരുക്കി ഓണാഘോഷത്തിന് ക്രൈസ്തവഭാഷ്യം നൽകി. ബൈബിൾ പുസ്തകങ്ങളുടെ പേരുകളും അവയുടെ രചയിതാക്കളുടെ നാമവും പൂക്കളാകൃതിയിൽ നിർമിച്ചു. ക്രൈസ്തവികതയും കേരളീയതയും സമന്വയിപ്പിച്ച തിരുവാതിരയുടെ നൃത്തച്ചുവടുകൾ നടന്ന വിസ്മയം തീർത്തു. ഗലീലിയ തടാകത്തിൽ തോണി തുഴയുന്ന ശിഷ്യന്മാരെ അനുസ്മരിച്ചുകൊണ്ട് ആഴിയുടെ ആഴങ്ങളിലേക്ക് വലവീശിയെറിഞ്ഞവരുടെ ചുണ്ടിൽ നിന്നും ഉയർന്നത് ക്രൈസ്തവകേരളീയ സംസ്കാരങ്ങളുടെ സമന്വയ ഗാനങ്ങളായിരുന്നു.
വിവിധ സ്ഥലങ്ങളിൽ മാതാവിന്റെ പ്രത്യക്ഷപ്പെടലുമായി ബന്ധപ്പെടുത്തി വിദ്യാർത്ഥികൾ മാതാവിന്റെ വ്യത്യസ്ത വേഷങ്ങളിൽ പ്രത്യക്ഷീകരണം അവതരിപ്പിച്ചത് വേറിട്ട അനുഭവമായി. രക്ഷാകർത്താക്കൾക്കായി പ്രത്യേക മത്സരങ്ങളും നടത്തി. മോൺ.വിൽഫ്രഡ് ഓണാഘോഷപരിപാടികളും മാതാവിന്റെ ജന്മദിനാഘോഷവും ഉദ്ഘാടനം ചെയ്തു. മതബോധന ഹെഡ്മാസ്റ്റർ ജോസ് ചിന്ന തമ്പി, സെക്രട്ടറി ഇഗ്‌നേഷ്യസ് തോമസ്, മേരിശോഭ എന്നിവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.