കഴക്കൂട്ടം: ഏഴു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്ന മേനംകുളത്തെ മരിയൻ കാമ്പസ് ഇനി മരിയൻ ഏജ്യൂസിറ്റി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശിഷ്ടാതിഥിയായ ചടങ്ങിൽ വച്ചാണ്, തിരുവനന്തപുരത്തെ പ്രൊഫഷണൽ വിദ്യാഭ്യാസരംഗത്തെ പ്രശസ്തമായ മരിയൻ എൻജിനീയറിംഗ് കോളേജുൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളെ ഒരു കുടക്കീഴിലാക്കി മരിയൻ എജ്യൂസിറ്റി പ്രഖ്യാപിച്ചത്. മരിയൻ ബിസിനസ് സ്‌കൂളിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.ചടങ്ങിൽ തിരുവനന്തപുരം അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ. നെറ്റോ അദ്ധ്യക്ഷത വഹിച്ചു. അതിരൂപതാ മുൻ ബിഷപ്പ് ഡോ.സൂസൈപാക്യം അനുഗ്രഹ പ്രഭാഷണം നടത്തി. മോൺ. യൂജിൻ പെരേര, ചിറയിൻകീഴ് എം എൽ എ വി.ശശി, മരിയൻ ആർട്ട്സ് കോളജ് മാനേജർ ഫാ. പങ്കറേഷ്യസ് എന്നിവർ സംസാരിച്ചു. മരിയൻ എഞ്ചിനീയറിംഗ് കോളേജ് മാനേജർ ഫാ. ഡോ.എ ആർ.ജോൺ സ്വാഗതം പറഞ്ഞു.
അക്കാദമിക രംഗത്തെ പരസ്പര സഹകരണത്തിനും അടിസ്ഥാന സൗകര്യങ്ങളളുടെയും വിഭവങ്ങളുടെയും സമഗ്രമായ വിനിയോഗത്തിനും വിവിധവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരേ കുടക്കീഴിൽ വരുന്നത് സഹായകരമാണെന്ന് ഗവർണർ പറഞ്ഞു. ദേശീയ വിദ്യാഭ്യാസനയം വിഭാവനം ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾക്ക് അനുഗുണമായ സമീപനമാണ് എഡ്യൂസിറ്റിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശരിയായ വിദ്യാഭ്യാസം ബൗദ്ധികമായ വികാസത്തോടൊപ്പം ആത്മീയ പുരോഗതിക്കും ഉതകുന്നതാകണമെന്നും അതു ആർജ്ജവവും അനുതാപവുമുള്ള വിദ്യാർത്ഥികളെ സൃഷ്ടിക്കുമെന്നും ഗവർണർ പറഞ്ഞു.
ദശാബ്ദങ്ങളായി സമൂഹിക ഇടപെടലുകൾ നടത്തുന്ന അതിരൂപതയുടെ കീഴിലെ തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച ഗവർണർ, ക്യാമ്പസിലെ വിവിധ കോളേജുകൾ വരുത്തുന്ന സാമൂഹിക മാറ്റവും ഓർമിപ്പിച്ചു. ഇതൊരു പുതിയ പേര് നൽകുന്ന ചടങ്ങായി മാത്രം കാണരുത്. അക്കാദമിക രംഗത്തെ പരസ്പര സഹകരണത്തിനും അടിസ്ഥാന സൗകര്യങ്ങളളുടെയും വിഭവങ്ങളുടെയും സമഗ്രമായ വിനിയോഗത്തിനും വിവിധവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരേ കുടക്കീഴിൽ വരുന്നത് സഹായകരമാണെന്ന് ഗവർണർ പറഞ്ഞു. ഗവേഷണ-തൊഴിൽ-സങ്കേതിക മുന്നേറ്റത്തിന് അടിത്തറ ഇടാനും, കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസ നയം മുന്നിൽ കണ്ട് പ്രവർത്തിക്കാനും സമൂഹിക പിന്നോക്കാവസ്ഥ നേരിടുന്ന വിഭാഗങ്ങൾക്ക് കൂടെ സഹായകമാകുന്ന തരത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്താനും ഇത് അതിരൂപതയ്ക്ക് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. അറിവ് ദൈവദത്തമെന്ന ക്രൈസ്തവ പാരമ്പര്യം ഊന്നിപ്പറഞ്ഞ ഗവർണ്ണർ ധാർമ്മിക മൂല്യങ്ങൾ വളർത്തേണ്ട ഉത്തരവാദിത്വവും ഓർമ്മിപ്പിച്ചു.
2001-ൽ അതിരൂപതയുടെ സെമിനാരി കെട്ടിടത്തിൽ ആരംഭിച്ച മരിയൻ എൻജിനീയറിങ് കോളേജും 2005-ൽ ആരംഭിച്ച സെൻറ് ജേക്കബ്സ് ബി എഡ് കോളേജും, തുടർന്ന് ആരംഭിച്ച മരിയൻ ആർക്കിടെക്ചറൽ കോളേജും, ലിറ്റിൽ ഫ്ലവർ ഫുട്‌ബോൾ അക്കാദമിയും, ക്രാഫ്റ്റ് കോളേജും, 2016 -ൽ മരിയൻ ആർട്ട്‌സ് ആൻഡ് സയൻസ് കോളേജ് എന്ന പേരിൽ ആരംഭിച്ച ആർട്സ് കോളേജും ആണ് ക്യാമ്പസിലെ സ്ഥാപനങ്ങൾ. ഈ ആറു സ്ഥാപനങ്ങൾ കൂടാതെ ഗവർണർ ഇന്ന് പ്രഖ്യാപിച്ച മരിയൻ സ്‌കൂൾ ഓഫ് ബിസിനസ് എന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനം കുടെ ചേരുമ്പോൾ മൊത്തം ഏഴ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഉന്നത വിദ്യാഭ്യാസത്തിൻ്റെ ഹബ്ബായി മരിയൻ എജ്യൂസിറ്റി മാറും.