ഒക്ടോബർ 15ന് അതിരൂപത അദ്ധ്യക്ഷൻ തോമസ് ജെ നേറ്റോ മെത്രാപ്പൊലീത്തായെ വത്തിക്കാന്റെ ഇന്ത്യൻ സ്ഥാനപതി പാലിയം ഔദ്യോഗികമായി അണിയിക്കും. ഒക്ടോബർ 15 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ വച്ച് നടക്കുന്ന ദിവ്യബലി മധ്യേയാണ് ആർച്ച് ബിഷപ്പുമാരുടെ സ്ഥാനിക ചിഹ്നമായ പാലിയം ഔദ്യോഗികമായി അണിയിക്കുന്ന ചടങ്ങ് നടക്കുക. തിരുവനന്തപുരം അതിരൂപതയിലെ സാമന്തരൂപതകളായ കൊല്ലം, ആലപ്പുഴ,നെയ്യാറ്റിൻകര, പുനലൂർ രൂപതകളിൽ നിന്നുള്ള പിതാക്കന്മാരും, സഹായമെത്രാൻ റൈറ്റ് റവ. ഡോ. ക്രിസ്തുദാസ് പിതാവും പങ്കെടുക്കുന്ന ദിവ്യബലിയ്ക്ക് ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് ജെ നെറ്റോ മുഖ്യ കാർമ്മികത്വം വഹിക്കും. ഇന്ത്യ-നേപ്പാൾ രാജ്യങ്ങൾക്കുവേണ്ടിയുള്ള വത്തിക്കാൻ സ്ഥാനപതിയായ ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജിറേല്ലിയായിരിക്കും പാലിയം കഴുത്തിലണിയിക്കുക.
കഴിഞ്ഞ ജൂൺ 29-ന് സെന്റ് പീറ്റേഴ്സ് ബെസിലിക്കയിൽ നടന്ന ദിവ്യബലിക്കിടയിൽ ലോകമെമ്പാടും നിന്നെത്തിയ നിരവധി മെത്രാപ്പൊലീത്തമാർക്കൊപ്പമാണ് തിരുവനന്തപുരം അതിരൂപതാധ്യക്ഷൻ മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോയും ഫ്രാൻസിസ് പാപ്പയുടെ പക്കൽനിന്നും പാലിയം കൈകളിൽ സ്വീകരിച്ചത്. മെത്രാപ്പൊലീത്തമാർ തങ്ങളുടെ പ്രവിശ്യയിമേലുള്ള ഭരണാധികാരത്തിന്റെ പ്രതീകമായി ഉപയോഗിക്കുന്ന പാലിയം അണിയിക്കുന്ന ചടങ്ങ് അതാത് രൂപതകളിലാണ് നടക്കുക. ഐക്യത്തിന്റെയും പരിശുദ്ധ സിംഹാസനത്തോടുഉള്ള കൂട്ടായ്മയുടെയും പ്രതീകമായി കരുതപ്പെടുന്ന ചെമ്മരിയാടിന്റെ രോമം കൊണ്ട് തുന്നിയെടുക്കുന്ന പാലിയം, സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാളിനാണ് ലോകമെങ്ങുമുള്ള പുതിയ അജപാലകർക്കായി ആശീർവദിക്കുന്നത്. തിരുവനന്തപുരം അതിരൂപതയിലെ തന്റെ അജപാലന ദൗത്യത്തിന്റെ അടയാളമായി, അതിരൂപതാദ്ധ്യക്ഷൻ പാലിയം സ്വീകരിക്കുന്ന ചടങ്ങിൽ അതിരൂപതയിലെ വൈദീകർ, സന്യസ്തസഭാ പ്രതിനിധികൾ, അതിരൂപത അജപാലന സമിതി അംഗങ്ങൾ, ഇടവക അജപാലന സമിതി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.