വിഴിഞ്ഞം തുറമുഖ പദ്ധതിയുയർത്തുന്ന വെല്ലുവിളികളെ വിലയിരുത്തികൊണ്ടുള്ള ഏകദിന ശിൽപ്പശാല നടന്നു.
തീരത്തുണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികൾ വിഴിഞ്ഞം തുറമുഖത്തെ അശാസ്ത്രീയ നിർമ്മാണപ്രവർത്തനങ്ങളിൽ രൂപംകൊണ്ടതാണെന്നതിന്റെ സാങ്കേതിക വിലയിരുത്തലും ചർച്ചകളുമാണ് ശിൽപ്പാശാലയിൽ അവതരിപ്പിച്ചത്. ജീവന് ഭീഷണിയായ, ജീവിതത്തിന് വെല്ലുവിളിയായിരിക്കുന്ന, തൊഴിൽ മേഖലയിൽ തടസം സൃഷ്ടിക്കുന്ന തുറമുഖ നിർമ്മാണത്തിന്റെ ഭവിഷ്യത്തുകൾ അവതരിപ്പിക്കാനാണ് ഈ ശിൽപ്പശാലയെന്ന് ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് അതിരൂപതാദ്ധ്യക്ഷൻ ഡോ. തോമസ് ജെ നേറ്റോ പറഞ്ഞു.
നാം മുന്നോട്ട് വച്ച ആവശ്യങ്ങൾ നടപ്പിലാക്കും വരെയും അനിശ്ചിതകാല സമരമായി മുന്നോട്ട് നീങ്ങേണ്ടി വന്നാൽ അതിനും അതിരൂപത തയ്യാറാണെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന പത്ര മാധ്യമ സംവിധാനങ്ങളുടെ അവകാശവാദങ്ങളെ പൊതുസമൂഹത്തിന് മുന്നിൽ തെളിയിക്കും വിധം ഫലപ്രദമായിരിക്കും ശിൽപ്പാശാലയെന്നും അദ്ദേഹം കൂട്ടിചേർത്തു.
ശിൽപ്പാശാലയിലെ പൊതുവായ ചർച്ചകൾക്കും വിലയിരുത്തലിനും അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് ആർ നേതൃത്വം നൽകി.ഇനി അതിരൂപതയിലെ ജനങ്ങൾ ഈ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യുമെന്നും തീര ജനതയുടെ മുന്നോട്ടുള്ള യാത്ര എപ്രകാരമാണെന്നതിനെപറ്റിയും വൈദീകരുടെ യോഗത്തിൽ കൈക്കൊണ്ട തീരുമാനങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹം വിശദീകരിച്ചു. വരുന്ന പത്താം തിയതി മുതൽ വള്ളങ്ങളിറക്കിയുള്ള സമരവുമായി അതിരൂപത സെക്രട്ടറിയേറ്റിനു മുന്നിൽ അണിനിരക്കും. ആഗസ്റ്റ് 15-ന് രാജ്യമൊന്നായി സ്വാതന്ത്ര്യ ദിനമാചാരിക്കുന്ന വേളയിൽ അതിരൂപത കരിദിനമായി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തുടക്കം മുതൽ തുറമുഖ നിർമ്മാണം പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുമെന്ന് കൃത്യമായ പഠനങ്ങൾ നടത്തി സർക്കാരിന് മുന്നിൽ അവതരിപ്പിച്ചതാണെന്നും അവർ ചർച്ചകൾ നടത്തി പല പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നെന്നല്ലാതെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നുമുള്ള യാഥാർഥ്യത്തെ അദ്ദേഹം ചൂണ്ടിക്കാട്ടി. ശിൽപ്പശാലക്ക് അതിരൂപത വികാരിജനറലും സമര കൺവീനറുമായ മോൺ. യൂജിൻ എച്ച് പെരേര അദ്ധ്യക്ഷത വഹിച്ചു. വിഴിഞ്ഞം തുറമുഖ നിർമ്മാണം തീരത്തുണ്ടാക്കുന്ന പാരിസ്ഥിതിക,സാമ്പത്തിക, സാമൂഹ്യ ഉപജീവന ആഘാതങ്ങളെപറ്റിയുള്ള വിലയിരുത്തലുകൾ ഡോ. കെ. വി. തോമസ്, ശ്രീ. ജോസഫ് സി. മാത്യു, ശ്രീ. എ.വിജയൻ എന്നിവർ അവതരിപ്പിച്ചു.