പാളയം: തിരുവനന്തപുരം അതിരൂപതയിലെ വൈദിക ഗണത്തിലേക്ക് ഒമ്പത് നവവൈദികർ കൂടി. പാളയം സെയിന്റ് ജോസഫ്സ് മെട്രോപോളീറ്റൻ കത്തീഡ്രലിൽ നടന്ന ഭക്തിസാന്ദ്രമായ ചടങ്ങിൽ അതിരൂപതയിലെ ഒമ്പത് ഡീക്കൻമാർ വൈദികപട്ടം സ്വീകരിച്ചു. തിരുകർമ്മങ്ങൾക്ക് അതിരൂപതാധ്യക്ഷൻ മോസ്റ്റ്. റവ. ഡോ. തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. അതിരൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ് ആർ., വികാരി ജനറൽ റവ. മോൺ. യൂജിൻ എച്ച്. പെരേര, ചാൻസിലിർ റവ. മോൺ. സി. ജോസഫ്, ആലുവ കാർമ്മൽഗിരി സെയിന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരി റെക്ടർ റവ. ഫാ. ഫ്രാൻസിസ് മരോട്ടിക്കപറമ്പിൽ, സെയിന്റ് വിൻസന്റ് മൈനർ സെമിനാരി റെക്ടർ റവ. ഫാ. ആൻഡ്രൂസ് കോസ്മോസ്, പാളയം കത്തീഡ്രൽ വികാരി മോൺ. വിൽഫ്രഡ് ഇ. തുടങ്ങി അതിരൂപതയിലെ വൈദിക സമൂഹം സഹകാർമികത്വം വഹിച്ചു.
വൈദികാർഥികളും മാതാപിതാക്കളും മുഖ്യകാർമ്മികനും സഹകാർമ്മികർക്കുമൊപ്പം പ്രദക്ഷിണമായാണ് ദേവാലയത്തിൽ തിരുകർമ്മങ്ങൾക്കായി പ്രവേശിച്ചത്. ഈ സമയം ഡീക്കന്മാരുടെ ഹ്രസ്വമായ ജീവചരിത്രം പരിചയപ്പെടുത്തുന്നുണ്ടായിരുന്നു. തുടർന്ന് സ്നേഹസാഗര തീരത്തിൽ… എന്നുതുടങ്ങുന്ന പ്രാരംഭഗാനത്തോടെ തിരുകർമ്മങ്ങൾ ആരംഭിച്ചു. മുഖ്യകാർമ്മികനായ അഭിവന്ദ്യ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ആമുഖസന്ദേശം നല്കി. തിരുവചന വായനയ്ക്കു ശേഷം തിരുപട്ട കർമ്മങ്ങൾ ആരംഭിച്ചു. സെയിന്റ് വിൻസന്റ് മൈനർ സെമിനാരി റെക്ടർ റവ. ഫാ. ആൻഡ്രൂസ് കോസ്മോസ് വൈദികാർഥികളെ പേരുചൊല്ലി വിളിച്ചപ്പോൾ അർഥികളെ മാതാപിതാക്കൾ മുന്നോട്ടുവന്ന് ബലിവേദിയിൽ സമർപ്പിച്ചു. തുടർന്ന് ഇവരുടെ അർഹത ആരാഞ്ഞതിനുശേഷം അഭിവന്ദ്യ മെത്രാപ്പോലീത്ത വൈദികപദവിലേക്ക് ഒമ്പത് ഡീക്കന്മാരെയും തിരഞ്ഞെടുത്തു. അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് പൗരോഹിത്യ ധർമ്മത്തെക്കുറിച്ചു അർഥികളെ ഉദ്ബോധിപ്പിച്ചു. ഒരു വൈദികന്റെ ആത്യന്തികമായ ലക്ഷ്യം ദൈവജനത്തെ ദൈവത്തിങ്കലേക്ക് നയിക്കുകയെന്നതാണെന്ന് ഓർമ്മിപ്പിച്ചു.
വിശ്വാസ പ്രഖ്യാപനത്തിനുശേഷം വൈദികവൃത്തിയിലേക്ക് പ്രവേശിക്കാനുള്ള സന്നദ്ധതയും തന്നോടുള്ള അനുസരണവും അഭിവന്ദ്യ മെത്രാപ്പോലീത്തയ്ക്ക് മുന്നിൽ വൈദികാർത്ഥികൾ വാഗ്ദാനം ചെയ്തു. തുടർന്ന് തങ്ങളുടെ ദൈവാശ്രയത്തിന്റെയും ആത്മസമർപ്പണത്തിന്റെയും പ്രതീകമായി അർഥികൾ അൾത്താരയിൽ സാഷ്ടാംഗം പ്രണമിച്ചു. ഈ സമയം സകലവിശുദ്ധരുടെയും ലുത്തീനീയ ആലപിച്ച് വിശുദ്ധരുടെ മാധ്യസ്ഥ്യം യാചിച്ചു. തുടർന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത കൈവയ്പ്പ് ശുശ്രൂഷ വഴി പരിശുദ്ധാത്മാവിനെ അർഥികളുടെമേൽ നൽകുന്ന കർമ്മം നടന്നു. പരിശുദ്ധാത്മ ഗാനമാലപിച്ച സമയം സഹകാർമ്മികരും വൈദിരും തങ്ങളുടെ അഭിഷിക്ത കരങ്ങൾ അർത്ഥികളുടെ ശിരസ്സിൽ വച്ച് പരിശുദ്ധാത്മാവിന്റെ നിറവിനായി പ്രാർത്ഥിച്ചു. തുടർന്ന് പ്രതിഷ്ഠാപന പ്രാർത്ഥനയ്ക്കുശേഷം നടന്ന അവരോധന കർമ്മത്തിൽ അർഥികളുടെ ഇടവക വികാരിമാർ പൂജാവസ്ത്രങ്ങൾ അണിയിച്ചു. അതിനുശേഷം അഭിവന്ദ്യ മെത്രാപ്പോലീത്ത പ്രതിഷ്ഠാപന തൈലംകൊണ്ട് അർഥികളുടെ കരങ്ങളെ അഭിഷേകം ചെയ്തു. തുടർന്ന് നടന്ന പൂജാദ്രവ്യ സമർപ്പണ കർമ്മത്തോടെയും സമാധാന ചുംബന കർമ്മത്തോടെയും തിരുപട്ട സ്വീകരണ കർമം പൂർത്തിയായി. അതിരൂപതയിലെ സമർപ്പിതരും നവവൈദികരുടെ ബന്ധുക്കളും അല്മായരും ഉൾപ്പെടെ നൂറ്‌കണക്കിനുപേർ ഇന്നത്തെ തിരുകർമ്മങ്ങളിൽ സന്നിഹിതരായിരുന്നു. വരും ദിവസങ്ങളിൽ നവവൈദികർ തങ്ങളുടെ മാതൃഇടവകകളിൽ പ്രഥമ ദിവ്യബലിയർപ്പിക്കും.
ഇന്ന് തിരുപട്ടം സ്വീകരിച്ച് വൈദികഗണത്തിലേക്ക് ചേർന്ന ഫാ. സന്തോഷ് കുമാർ കോവളം ഫൊറോനയിലെ പെരിങ്ങമല ഇടവകാംഗമാണ്. ജോസ് സെൽവം ദമ്പതികളുടെ രണ്ടുമക്കളിൽ മൂത്തമകനായി 1996 മാർച്ച് മാസം 1-ാം തിയതി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 2013 -ൽ സെയിന്റ് വിൻസന്റ് മൈനർ സെമിനാരിയിൽ ചേർന്നു. തത്ത്വശാസ്ത്രം ആലുവ സെയിന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിലും ദൈവശാസ്ത്രം ബംഗളൂരു സെയിന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ സെമിനാരിയിലും പൂർത്തിയാക്കി.
ഫാ. സിൽവദാസൻ 1994 മാർച്ച് 28-ന് ജനതൻ മേബിൾ മേരി ദമ്പതികളുടെ രണ്ട് മക്കളിൽ രണ്ടാമനായി ജനിച്ചു. പള്ളം ഇടവകാംഗമാണ്. 2011-ൽ സെയിന്റ് വിൻസന്റ് മൈനർ സെമിനാരിയിൽ ചേർന്നു. തത്ത്വശാസ്ത്രം ചെന്നൈ സേക്രട്ട് ഹാർട്ട് പൂനമലൈ സെമിനാരിയിലും ദൈവശാസ്ത്രം ആലുവ സെയിന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിലും പൂർത്തിയാക്കി.
ശ്രീ. ടോം മൈക്കിളിന്റെയും ജസ്പിൻ ടോമിന്റെയും രണ്ടു മക്കളിൽ രണ്ടാമനായി ഫാ. സ്റ്റാലിൻ ടോം തുമ്പ ഇടവകയിൽ 1995 ആഗസ്റ്റ് 26-ാം തിയതി ജനിച്ചു. 2010-ൽ സെയിന്റ് വിൻസന്റ് മൈനർ സെമിനാരിയിൽ ചേർന്നു. തത്ത്വശാസ്ത്രം ചെന്നൈ സേക്രട്ട് ഹാർട്ട് സെമിനാരിയിലും ദൈവശാസ്ത്രം ആലുവ സെയിന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിലും പൂർത്തിയാക്കി.
ഫാ. റീഗൻ ചാൾസ്, ഫാ. ഫ്രെഡി വർഗ്ഗീസ് എന്നിവർ മാർത്താണ്ഡൻ തുറ ഇടവകാംഗങ്ങളാണ്. ജോസഫ് മേരിപുഷ്പം ദമ്പതികളുടെ ഏഴു മക്കളിൽ ആറാമനായി 1996 ജനുവരി 24 ന് ജനിച്ച ഫാ. റീഗൻ ചാൾസ് 2011-ൽ സെയിന്റ് വിൻസന്റ് മൈനർ സെമിനാരിയിൽ ചേർന്നു. തത്ത്വശാസ്ത്രം ആലുവ സെയിന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിലും ദൈവശാസ്ത്രം പൂനൈ പേപ്പൽ സെമിനാരിയിലും പൂർത്തിയാക്കി.
വർഗ്ഗീസ് ഫ്ലോറ ദമ്പതികളുടെ ഏഴ് മക്കളിൽ അഞ്ചാമനായി 1994 മേയ് 20-ാം തിയതിയാണ് ഫാ. ഫ്രഡി വർഗ്ഗീസ് ജനിച്ചത്. 2010-ൽ സെയിന്റ് വിൻസന്റ് മൈനർ സെമിനാരിയിൽ ചേർന്നു. തത്ത്വശാസ്ത്രം ബാംഗളൂരു സെയിന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ സെമിനാരിയിലും ദൈവശാസ്ത്രം ആലുവ സെയിന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിലും പൂർത്തിയാക്കി.
ഫാ. റോബിൻ കെ, ഫാ. മരിയ കിജോ എന്നിവർ തൂത്തൂർ ഇടവകാംഗങ്ങളാണ്. ഫാ. റോബിൻ കസ്മീർ അരുൾമേരി ദമ്പതികലുടെ അഞ്ചു മക്കളിൽ നാലാമനായി 1994 നംവബർ 12 ന് ജനിച്ചു. 2013-ൽ സെയിന്റ് വിൻസന്റ് മൈനർ സെമിനാരിയിൽ ചേർന്നു. തത്ത്വശാസ്ത്രം ആലുവ സെയിന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിലും ദൈവശാസ്ത്രം ചെന്നൈ സേക്രട്ട് ഹാർട്ട് പൂനമലൈ സെമിനാരിയിലും പൂർത്തിയാക്കി.
ക്രിസ്തടിമ മേരി ദമ്പതികളുടെ മൂന്ന് മക്കളിൽ മൂന്നാമനായി 1996 മാർച്ച് 8-ാം തിയതി ജനിച്ച ഫാ. മരിയ കിജോ 2013-ൽ സെയിന്റ് വിൻസന്റ് മൈനർ സെമിനാരിയിൽ ചേർന്നു. തത്ത്വശാസ്ത്രം ആലുവ സെയിന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിലും ദൈവശാസ്ത്രം തൃച്ചി സെയിന്റ് പോൾ സെമിനാരിയിലും പൂർത്തിയാക്കി.
ഫാ. ഗോഡ് വിൻ സെബസ്റ്റ്യാൻ ബനഡിക്ട ദമ്പതികളുടെ രണ്ട് മക്കളിൽ രണ്ടാമനായി കൊച്ചുതുറ ഇടവകയിൽ 1996 മാർച്ച് 10 ന് ജനിച്ചു. 2010-ൽ സെയിന്റ് വിൻസന്റ് മൈനർ സെമിനാരിയിൽ ചേർന്നു. തത്ത്വശാസ്ത്രം ആലുവ സെയിന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിലും ദൈവശാസ്ത്രം ചെന്നൈ സേക്രട്ട് ഹാർട്ട് പൂനമലൈ സെമിനാരിയിലും പൂർത്തിയാക്കി.
ഫാ. സഫിൻ ഐഷൻ ഗിലീസ് 1995-ൽ ജനുവരി 11 ന് സ്റ്റീഫന്റെയും ഐറിൻ ഗേളിയുടെയും നാല് മക്കളിൽ നാലാമനായി സൗത്ത്കൊല്ലങ്കോട് ജനിച്ചു. 2011-ൽ സെയിന്റ് വിൻസന്റ് മൈനർ സെമിനാരിയിൽ ചേർന്നു. തത്വശാസ്ത്രം ബാംഗളൂരു സെയിന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ സെമിനാരിയിലും ദൈവശാസ്ത്രം ആലുവ സെയിന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിലും പൂർത്തിയാക്കി.