ന്യൂഡൽഹി: എൻജിനിയറിംഗ് പ്രവേശന പരീക്ഷ (ജെഇഇ-മെയിൻ) ഈസ്റ്റർ ദിനത്തിൽ ഉൾപ്പെടെ വിശുദ്ധ വാരത്തിലെ പ്രധാന ദിവസങ്ങളിൽ നടത്താനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. പെസഹാ വ്യാഴമായ ഏപ്രിൽ രണ്ട്, ദുഃഖശനി ദിവസമായ ഏപ്രിൽ നാല്, ഈസ്റ്റർ ദിവസമായ ഏപ്രിൽ അഞ്ച് തുടങ്ങി വിശുദ്ധ വാരത്തിലെ പ്രധാന ദിനങ്ങളിലാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.
അടുത്തമാസം ആദ്യം ആരംഭിക്കുന്ന പരീക്ഷയുടെ സമയക്രമം ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. ഇതിനു പുറമേ ആറ്, എട്ട് തീയതികളിൽ പേപ്പർ ഒന്ന് (ബിഇ, ബിടെക്) നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ബിആർക്, ബി പ്ലാനിംഗ് എന്നിവയ്ക്കുള്ള പേപ്പർ രണ്ട് ഏപ്രിൽ ഏഴിന് നടത്തുമെന്നും എൻടിഎയുടെ പരീക്ഷ സമയക്രമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ ഏപ്രിൽ രണ്ട് മുതൽ ഒൻപത് വരെയുള്ള ദിവസങ്ങളിൽ പരീക്ഷ നടത്തുമെന്നായിരുന്നു എൻടിഎ അറിയിച്ചത്.
ക്രൈസ്തവരുടെ പുണ്യദിനങ്ങളായ പെസഹാ വ്യാഴാഴ്‌ചയും ഈസ്റ്റർ ഞായറാഴ്‌ചയും അഖിലേന്ത്യാ എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷകൾ നടത്തുവാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് കെസിബിസി. ക്രൈസ്‌തവർ വിശുദ്ധമായി ആചരിക്കുന്ന തിരുനാൾ ദിനങ്ങളിൽ മത്സരപരീക്ഷകൾ നടത്തുന്നത് ക്രിസ്‌തീയ യുവജനങ്ങൾക്ക് തങ്ങളുടെ മതവിശ്വാസം സ്വതന്ത്രമായി ആചരിക്കുവാൻ ഇന്ത്യൻ ഭരണഘടന നല്‌കുന്ന മൗലീകാവകാശത്തിൻ്റെ ലംഘനമാണെന്ന് കെസിബിസി നിരീക്ഷിച്ചു. പലപ്പോഴും ആവർത്തിക്കപ്പെടുന്ന ഈ പ്രവണത ക്രൈസ്‌ത ന്യൂനപക്ഷത്തിന്റെ മതസ്വാതന്ത്യത്തിന്മേലുള്ള അന്യായമായ കടന്നുകയറ്റമാണ്.

