ന്യൂഡൽഹി: ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയും കടന്ന് വഖഫ് ഭേദഗതി ബിൽ. 128 പേർ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. 95 പേർ എതിർത്തു. ഇന്നലെ പുലർച്ചെ വരെ നീണ്ട ചർച്ചയ്ക്കൊടുവിൽ ലോക്സഭ പാസാക്കിയ ബിൽ ഇന്നലെത്തന്നെ രാജ്യസഭയിലും അവതരിപ്പിക്കുകയായിരുന്നു. 12 മണിക്കൂറിലേറെ നീണ്ട ചർച്ചയ്ക്കൊടുവിൽ ഇന്നു പുലർച്ചെ 1.10ഓടെ ആണ് രാജ്യസഭയിൽ വോട്ടെടുപ്പ് ആരംഭിച്ചത്. പാർലമെന്റിന്റെ ഇരുസഭകളിലും അംഗീകാരം ലഭിച്ചതോടെ ബിൽ നിയമമാകാൻ രാഷ്ട്രപതിയുടെ അംഗീകാരം മാത്രമാണു ശേഷിക്കുന്നത്. ബിൽ രാജ്യസഭയും പാസാക്കിയതോടെ മുനമ്പത്ത് നാട്ടുകാർ ആഹ്ലാദപ്രകടനം നടത്തി.
ബില്ലിലെ വ്യവസ്ഥകളിൽ കേരള എംപിമാരായ ജോൺ ബ്രിട്ടാസ്, എ.എ.റഹീം, വി. ശിവദാസൻ, ഹാരിസ് ബീരാൻ, അബ്ദുൽ വഹാബ്, പി.സന്തോഷ് കുമാർ, പി.പി. സുനീർ തുടങ്ങിയവർ അവതരിപ്പിച്ച ഭേദഗതികൾ ശബ്ദവോട്ടോടെ തള്ളി. വഖഫ് ബോർഡിൽ മുസ്‌ലിം അല്ലാത്തവരെ അംഗങ്ങളാക്കുന്നതിനെതിരെ തിരുച്ചി ശിവ നിർദേശിച്ച ഭേദഗതിയും വോട്ടിനിട്ടു തള്ളി. വഖഫ് ട്രൈബ്യൂണൽ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്ന വ്യവസ്ഥയെ പിന്തുണച്ച കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പക്ഷേ, ബില്ലിനെ പൊതുവിൽ എതിർത്തു. വഖഫ് കൗൺസിലിലും ബോർഡിലും അമുസ്‌ലിംകളെ ഉൾപ്പെടുത്തുന്നതിനുള്ള വ്യവസ്ഥയോടായിരുന്നു കൂടുതൽ എതിർപ്പ്. ബില്ലിനു മുൻകാല പ്രാബല്യമില്ലെന്നു സമ്മതിക്കുന്ന സർക്കാർ, ഇതു മുനമ്പത്തെ പ്രശ്നത്തിനു പൂർണ പരിഹാരം നൽകുമോയെന്നു സഭയിൽ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. 1995ലെ വഖഫ് നിയമത്തിലാണ് ഭേദഗതി. ഓഗസ്റ്റിൽ ബിൽ അവതരിപ്പിച്ച ശേഷം സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിട്ടിരുന്നു. ജെപിസിയുടെ നിർദേശങ്ങൾ അനുസരിച്ച് പരിഷ്കരിച്ച ബിൽ ആണ് ലോക്സഭയും പിന്നാലെ രാജ്യസഭയും പാസാക്കിയത്.