പനാജി: ഭാരതത്തിന്റെ രണ്ടാം അപ്പസ്തോലൻ എന്നു വിളിക്കപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻ്റെ തിരുശേഷിപ്പ് പരസ്യവണക്കം സമാപിച്ചു. ഓൾഡ് ഗോവയിലെ സേ കത്തീഡ്രലിൽ കഴിഞ്ഞ നവംബർ 21നു ആരംഭിച്ച പരസ്യ വണക്കമാണ് ഇന്നലെ സമാപിച്ചത്. പത്തു വർഷത്തിലൊരിക്കലാണ് വിശുദ്ധന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിനായി വയ്ക്കുന്നത്. ഇത്തവണ 80 ലക്ഷത്തിലേറെ തീർത്ഥാടകർ ഗോവയിലെത്തി. ഇന്നലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് ഗോവ ആർച്ച് ബിഷപ്പ് ഫിലിപ് നേരി ഫെറാവോ മുഖ്യ കാർമികത്വം വഹിച്ചു.
പരസ്യവണക്കത്തിന്റെ സമാപനമായ ഇന്നലെ സേ കത്തീഡ്രലിനുള്ളിലെ പ്രാർത്ഥനകൾ രാവിലെ 9 മണിക്ക് ആരംഭിച്ചു. അതിൽ തിരഞ്ഞെടുത്ത വൈദികരും മറ്റുള്ളവരും പങ്കെടുത്തു. സഹായ മെത്രാൻ സിമിയോ പ്യൂരിഫിക്കാവോ ഫെർണാണ്ടസിൻ്റെ അനുഗ്രഹാശിസ്സുകളോടെ ഈ പ്രാർത്ഥനകൾ അവസാനിച്ചു, തുടർന്ന് ലത്തീൻ ഭാഷയിലുള്ള സാൽവെ റെജീന ആലപിച്ചു. ബോം ജീസസ് ബസിലിക്കയ്ക്കു പുറത്ത് നടന്ന വിശുദ്ധ കുർബാനയിൽ നാനൂറോളം വൈദികരാണ് പങ്കെടുത്തത്.