പാലാ ∙ മുനമ്പം, മണിപ്പുർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ (സിസിഐ) ദേശീയസമ്മേളനം സമാപിച്ചു. മുനമ്പത്തെയും മണിപ്പുരിലെയും പ്രശ്നങ്ങളെ വളരെ ഗൗരവത്തോടെയാണു കത്തോലിക്കാ സഭ കാണുന്നതെന്നും ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. അൽമായരുടെ ദൗത്യങ്ങളും മിഷൻ രംഗത്തെ ഉത്തരവാദിത്തങ്ങളും സമ്മേളനം വിലയിരുത്തി. ഭരണഘടനാപരമായ മൂല്യങ്ങൾ പ്രചരിപ്പിക്കൽ, വിശ്വാസികളുടെ സജീവപങ്കാളിത്തം പ്രോത്സാഹിപ്പിക്കൽ, ഭരണഘടനാപരമായ അവകാശങ്ങൾ, ദലിത് ക്രൈ സ്തവരുടെ നിയമസുരക്ഷ തുടങ്ങിയവയും ചർച്ച ചെയ്തു. സമാപനസമ്മേളനം ചങ്ങനാശേരി അ തിരൂപതാ മെത്രാപ്പൊലീത്ത മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം അതിരൂപതയിൽ നിന്നും ആഗ്നസ് ബാബു, അരുൺ ആന്റണി എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
മുനമ്പത്തേതുപോലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭരണകൂടങ്ങളും നിയമസംവിധാനവും ജാഗ്രത പുലർത്തണമെന്ന് സിബിസിഐ പ്രസിഡൻ്റും കാത്തലിക്ക് കൗൺസിൽ ഓഫ് ഇന്ത്യ പ്രസിഡന്റും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്. കാത്തലിക്ക് കൗൺസിൽ ഓഫ് ഇന്ത്യ പ്രതിനിധികൾക്കൊപ്പം മുനമ്പം സമരവേദി സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുനമ്പത്തേത് ഏതെങ്കിലും മതവിഭാഗത്തിൻ്റെയോ രാഷ്ട്രീയ പാർട്ടിയുടെയോ സമരമല്ല. ഇത് മനുഷ്യാവകാശത്തിനു വേണ്ടിയുള്ള സമരമാണ്. ഭരണഘടന ഉറപ്പുതരുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്ന് ആർച്ച്ബിഷപ്പ് ഓർമ്മിപ്പിച്ചു . ഭാരതകത്തോലിക്ക മെത്രാൻ സമിതി മുനമ്പത്തെ വേദനിക്കുന്ന എല്ലാ മനുഷ്യരുടെയും കൂടെയുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു.