ജിരിബാമിൽ കഴിഞ്ഞദിവസം തട്ടിക്കൊണ്ടുപോയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള 6 പേരും കൊല്ലപ്പെട്ടതായി കണ്ടെത്തിയതിനെത്തുടർന്ന് മണിപ്പുരിൽ വീണ്ടും സ്ഥിതി സ്ഫോടനാത്മകമായി. 8 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെയുള്ളവരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച ജനക്കൂട്ടം മുഖ്യമന്ത്രി ബീരേൻ സിങ്ങിന്റെയും മറ്റു മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകൾ ആക്രമിച്ചു.
ജിരിബാമിൽ ക്രിസ്തീയ ദേവാലയങ്ങൾക്കെതിരെയും വ്യാപക ആക്രമണമുണ്ടായി. 5 പള്ളികൾക്കും 6 വീടുകൾക്കും തീയിട്ടു. കുക്കി അവാന്തരവിഭാഗമായ മാർ ഗോത്രങ്ങളുടെ പള്ളികളാണ് ഇവ. ഐസിഐ ചർച്ച്, സാൽവേഷൻ ആർമി പള്ളി, ഇഎഫ്സിഐ പള്ളി തുടങ്ങിയവ ആക്രമിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. കേന്ദ്ര സേനയുടെ സാന്നിധ്യത്തിൽ നടന്ന ആക്രമണത്തിന് മെയ്തെയ് സായുധ സംഘങ്ങളാണ് നേതൃത്വം നൽകിയത്.