മുനമ്പം വിഷയത്തിൽരാഷ്ട്രീയ പാർട്ടികൾ നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ
പാലാ ∙ മുനമ്പം വിഷയത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ നിലപാടുകൾ തുറന്നുപറയണമെന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ (സിസിഐ) ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ക്രിസ്ത്യാനികളുടെ എണ്ണം കുറഞ്ഞുവരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിസിഐ, സിബിസിഐ (കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ) പ്രസിഡന്റ് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. ഭരണഘടന സമത്വം ഉറപ്പുനൽകുന്നുണ്ടെങ്കിലും ദലിത് ക്രൈസ്തവർ ഇപ്പോഴും വിവേചനം നേരിടുകയാണെന്നു മാർ താഴത്ത് പറഞ്ഞു. കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, ആർച്ച് ബിഷപ് ഡോ. പീറ്റർ മച്ചാഡോ, മാർ ജോസഫ് കല്ലറങ്ങാട്ട്, ജോസഫ് മാർ തോമസ്, മാർ പോളി കണ്ണൂക്കാടൻ, ഡോ. ജസ്റ്റിൻ മഠത്തിൽപറമ്പിൽ, സിസിഐ വൈസ് പ്രസിഡന്റ് ഡോ. ആന്റോസ് ആന്റണി, സെക്രട്ടറി ഫാ. എ.ഇ.രാജു അലക്സ്, എംപിമാരായ കെ.ഫ്രാൻസിസ് ജോർജ്, ജോസ് കെ.മാണി, മാണി സി.കാപ്പൻ എംഎൽഎ, മോൺ. ജേക്കബ് പാലയ്ക്കാപ്പള്ളി, ഫാ. മാത്യു കോയിക്കൻ, ഫാ. ജോയ് വടക്കൻ, ഫാ. ജോസ് തറപ്പേൽ, സിസ്റ്റർ എൽസ മുട്ടത്ത് തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനം നാളെ സമാപിക്കും. ഇന്നു രാവിലെ ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ കബറിട സന്ദർശനവും തുടർന്ന് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ മുഖ്യകാർമകത്വത്തിൽ ദിവ്യബലിയും നടക്കും.