തീരജനതയുടെ അവകാശപോരാട്ടത്തെപ്പറ്റി മാധ്യമങ്ങളോട് പ്രതികരിച്ച് കോവളം നിയോജകമണ്ഡലം എം.എൽ.എ വിൻസെന്റ്.അതിരൂപത കരിദിനമായി പ്രഖ്യാപിച്ച ഇന്ന് വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന മുല്ലൂരിലെ പ്രധാന കവാടം ഉപരോധിച്ചു കൊണ്ടുള്ള സമരത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ പത്ത് ദിവസം സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധിച്ചു.അതിനു ശേഷം സെക്രട്ടറിയേറ്റിനുമുന്നിൽ ഉപരോധം നടന്നു.ആ ഉപരോധത്തിനായെത്തിയ ജനങ്ങളെ വിവിധയിടങ്ങളിൽ തടഞ്ഞുകൊണ്ട് ആരും സെക്രട്ടറിയേറ്റിനു മുന്നിൽ എത്താതിരിക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിച്ചത്.ജനാധിപത്യ ഭരണം നിലനിൽക്കുന്നൊരു നാട്ടിൽ ഇത്തരത്തിലൊരു ജനകീയ പ്രശ്നം നടക്കുമ്പോൾ അവരെ നേരിൽ കണ്ട് യാതൊരുവിധ ചർച്ചകളും നടത്താൻ ഭരണ സംവിധാനം തയ്യാറാവാത്തതിനാലാണ് ഇന്നീ സമരം തുറമുഖ കവാടം വരെയെത്തിയത്.ഇവിടെ ജീവൽ പ്രശ്നങ്ങളാണ് അവർ ഉന്നയിക്കുന്നത്. കടലെടുത്ത അവരുടെ ജീവിതത്തിനായാണ് അവരിവിടെ പോരാടുന്നത്.ഇവിടെ സ്വാഭാവികമായും തുറമുഖനിർമ്മാണം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.ആ പ്രശ്നങ്ങൾ നേരിടുന്ന ജനങ്ങൾക്കായി ആസൂത്രണം ചെയ്തിട്ടുള്ള പദ്ധതികൾ നടപ്പിലാക്കും എന്ന് സർക്കാർ ഈ ജനങ്ങളോട് പറയണം.അതല്ലാതെ സർക്കാർ ഈ ജനങ്ങൾക്കുമുന്നിൽ ഒളിച്ചുകളി നടത്തുന്നതാണ് ഇന്നീ സമരം തുറമുഖ കവാടത്തിനു മുന്നിൽ എത്താനുള്ള പ്രധാന കാരണം.തുറമുഖ പദ്ധതിയുന്നയിച്ചപ്പോൾ തന്നെ ആരെയെല്ലാം ഇത് ബാധിക്കുന്നുവോ അവർക്കനുയോജ്യമായ പാക്കേജുകൾ രൂപവൽക്കരിച്ചു. അത് നടപ്പിലാക്കുക.സ്വാഭാവികമായും തുറമുഖനിർമ്മാണം ഒരു ഘട്ടം കഴിയുമ്പോഴേക്കും അന്ന് കാണാത്ത പല പ്രശ്നങ്ങളും ഇന്നുണ്ടായിയെന്നത് ഉറപ്പാണ്.ആ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അല്ലാതെ തുറമുഖത്തിന് മുന്നിൽ സമരം ചെയ്യുന്ന ജനങ്ങളെ കുറ്റപ്പെടുത്തുകയല്ല വേണ്ടത്.ഇവിടെ സമരത്തിനാധാരമായി അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ നടപ്പിലാക്കുകയാണ് വേണ്ടത്.സമരം പരിഹരിക്കണമെന്നുണ്ടായിരുന്നെങ്കിൽ സർക്കാർ ഇതിനു മുൻപ് തന്നെ വേണ്ട നടപടികൾ സ്വീകരിക്കുമായിരുന്നു.മത്സ്യത്തൊഴിലാളികളെ ഏതു രീതിക്കും അവഗണിക്കാമെന്ന രീതിയിലാണ് സർക്കാർ മുന്നോട്ട് പോകുന്നത്.പഠനങ്ങൾ നടത്തി പ്രശ്നങ്ങൾ പരിഹരിക്കുകയെന്നതാണ് ഈ ജനതയുടെ ആവശ്യം. അല്ലാതെ തുറമുഖനിർമ്മാണം നിർത്തിവയ്ക്കുകയെന്നതല്ല. ആദ്യം തുറമുഖ നിർമ്മാണം മൂലം ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആവശ്യത്തെ സർക്കാർ മുഖവുരക്കെടുക്കണം.ചർച്ചക്ക് വിളിച്ച് ഇവരുന്നയിക്കുന്ന പ്രശ്നങ്ങൾക്കനുകൂലമായ നടപടി സ്വീകരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളു.മാധ്യമങ്ങൾ ഭരണാധികാരികളോട് ഇവരെ എന്തുകൊണ്ട് ചർച്ചയ്ക്ക് വിളിക്കുന്നില്ലെന്ന ചോദ്യമുന്നയിക്കേണ്ടിയിരിക്കുന്നു.