തിരുവനന്തപുരം: കേരള കത്തോലിക്കാ സഭയിലെ 32 രൂപതകൾ പങ്കെടുത്ത ഉത്സവ്-2024 സംസ്ഥാന കലോത്സവത്തിന് തിരശ്ശീലവീണു. തിരുവനന്തപുരം ലത്തീൻ അതിരൂപത ആതിഥേയത്വം വഹിച്ച കലോത്സവം നവംബർ 9,10 തീയതികളിലായി തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലാണ് അരങ്ങേറിയത്. നാല് വേദികളിലായി നടന്ന മത്സരങ്ങളിൽ എഴുന്നുറോളം യുവജനങ്ങൾ പങ്കെടുത്തു.
പ്രശസ്ത ചലച്ചിത്ര നടൻ അലൻസിയർ ലോപ്പസ് കലോത്സവ ദിനങ്ങൾക്ക് തിരി തെളിച്ചു. ഉദ്ഘാടന സമ്മേളനത്തിന് കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവേൽ എം. ജെ അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം സംസ്ഥാന ആനിമേറ്റർ സിസ്റ്റർ നോർബർട്ട സി. ടി. സി ആമുഖ പ്രഭാഷണം നടത്തി. കെ.സി.വൈ.എം തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രസിഡന്റ് സനു സാജൻ, ഡയറക്ടർ ഫാ. ഡാർവിൻ ഫെർണാണ്ടസ്, പുതുക്കുറിച്ചി ഫെറോന വികാരി ഫാ.ഹയസിന്ത് നായകം എന്നിവർ സംസാരിച്ചു.
217 പോയിന്റുകളുമായി ചങ്ങനാശ്ശേരി അതിരൂപത ഉത്സവ് 2024 കിരീടം ചൂടി. 198 പോയിന്റ്റുമായി താമരശ്ശേരി രൂപത രണ്ടാം സ്‌ഥാനവും, 195 പോയിന്റ്റുമായി നെയ്യാറ്റിൻകര രൂപത മൂന്നാം സ്‌ഥാനവും നേടി. സമാപന സമ്മേളനത്തിൽ കെ.സി.വൈ.എം മുൻ സംസ്‌ഥാന പ്രസിഡന്റ് ഇമ്മാനുവേൽ മൈക്കിൾ മുഖ്യാതിഥിയായിരുന്നു. കെ.സി.വൈ.എം സംസ്‌ഥാന ഡയറക്ടർ ഫാ.സ്റ്റീഫൻ ചാലക്കര സംസാരിച്ചു.