പാളയം: ഫ്ലോറ (flora) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ്, പാളയം സെൻ്റ്. ജോസഫ്സ് കത്തീഡ്രൽ, തിരുവനന്തപുരം ലത്തീൻ അതിരൂപത മീഡിയ കമ്മീഷൻ തുടങ്ങിയവയുടെ നേതൃത്വത്തിൽ ‘The Jesus Story- പ്രത്യാശയുടെ വർണ്ണോത്സവം’ എന്ന പേരിൽ പെയിൻറിംഗ് എക്സിബിഷന് തുടക്കമായി. തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. ഡോ. ജോർജ്ജ് ഓണക്കൂർ മുഖ്യാതിഥിയായിരുന്നു. ഇരുപതോളം പ്രമുഖ കലാകാരന്മാർ യേശുവിൻ്റെ ജനനം മുതൽ മരണം വരെയുള്ള ജീവചരിത്രം അടങ്ങിയ 100 ഓളം ചിത്രങ്ങളാണ് എക്സിബിഷനിൽ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ഷെവലിയാർ ഡോ. കോശി M. ജോർജ് സ്വാഗതം ആശംസിച്ചു. പാളയം കത്തീഡ്രൽ ഇടവക വികാരി മോൺ. വിൽഫ്രഡ്, YMCA പ്രസിഡൻ്റ് ശ്രീ. ആർതർ ജേക്കബ്, ശ്രീ. സാരസം, എന്നിവർ ആശംസകൾ അർപ്പിച്ചു. മുഖ്യ ആർട്ടിസ്റ്റ് ശ്രീ. ജോർജ് ഫെർണാണ്ടസ് ഏവർക്കും നന്ദി പറഞ്ഞു.
പ്രത്യാശയുടെ ഈ വർണ്ണോത്സവം മനസ്സുകളെ സ്പർശിക്കുന്ന ദിവ്യമായ അനുഭൂതിയും, ചിന്തയും, നൽകുന്നതാകട്ടെയെന്ന് ആർച്ച് ബിഷപ്പ് ആശംസിച്ചു. വർണ്ണങ്ങൾ കൊണ്ട് സംസ്കാരത്തിന്റെ മനോഹരമായ അടയാളങ്ങൾ സൃഷ്ടിക്കുന്ന സൃഷ്ടാവിന് തുല്യനാണ് കലാകാരനെന്നും മുഖ്യാതിഥിയായ ജോർജ് ഓണക്കൂർ പറഞ്ഞു. ‘The Jesus Story- പ്രത്യാശയുടെ വർണ്ണോത്സവം’ ഒക്ടോബർ 10, 11, 12, 13 തീയതികളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ തിരുവനന്തപുരം YMCA ഹാളിലാണ് ഒരുക്കിയിരിക്കുന്നത്. നാല് ദിവസങ്ങളിലായി നടക്കുന്ന ഈ എക്സിബിഷനിൽ കലാകാരന്മാരായ B. D.ദത്തൻ, ആര്യനാട് രാജേന്ദ്രൻ, സൂര്യ കൃഷ്ണമൂർത്തി എന്നിവർ മുഖ്യാതിഥികളായെത്തും.