പൂന്തുറ : കള്ളക്കടൽ പ്രതിഭാസത്തിൽ ശക്തമായ തിരയടിച്ച് പൂന്തുറയിലെ 150-ഓളം വീടുകളിൽ വെള്ളംകയറി. പരിഭ്രാന്തരായ വീട്ടുകാർ ബന്ധുവീടുകളിൽ അഭയംതേടി. കഴുത്തറ്റം വെള്ളത്തിൽപ്പെട്ട കുട്ടികളെ വീട്ടുകാർ രക്ഷപ്പെടുത്തി. വീടുകളിലുണ്ടായിരുന്ന ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ ഭാഗികമായി നശിച്ചു. പൂന്തുറയിലെ നടുത്തുറ, മടുവം, ചേരിയാമുട്ടം അടക്കമുള്ള തീരമേഖലകളിലാണ് കള്ളക്കടൽ പ്രതിഭാസത്തെ തുടർന്നുണ്ടായ വൻതിരമാലകൾ നാശം വിതച്ചത്. കടൽത്തീരത്തുണ്ടായിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും വലകളുടെയും മരത്തടികളുടെയും അവശിഷ്ടങ്ങളും തിരയ്‌ക്കൊപ്പം എത്തിയിരുന്നു. രണ്ടുദിവസമെടുത്തു മാത്രമേ ഇവ നീക്കം ചെയ്യാനാകൂ.
കടൽഭിത്തികളും കടലിനുള്ളിലേക്ക് സ്ഥാപിച്ചിട്ടുള്ള എട്ടു പുലിമുട്ടുകളിൽ മൂന്നെണ്ണവും തിരയടിച്ച് തകർത്തു. നേരത്തെയുണ്ടായ കടൽക്ഷോഭത്തിൽ ഇവയ്ക്ക് കേടുപാടുകളുണ്ടായിരുന്നു. ഇവ പുതുക്കിപണിതുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ പള്ളിക്ക് മുന്നിലും മടുവം ഭാഗത്തുമായി നിർമിച്ചിരിക്കുന്ന പുലിമുട്ടുകളുടെ 20 മീറ്ററോളം ഭാഗം ബുധനാഴ്ച പുലർച്ചെയുണ്ടായ ശക്തമായ തിരയടിയിൽ തകർന്നു.
ചൊവ്വാഴ്ച രാത്രി 11.30-ഓടെയാണ് തീരത്തേക്ക് വൻതിരമാലകൾ അടിച്ചുകയറുന്ന കള്ളക്കടൽ പ്രതിഭാസം തുടങ്ങിയത്. തുടർന്ന് ബുധനാഴ്ച പുലർച്ചെ മൂന്നോടെ ശക്തിപ്രാപിച്ച് പൂന്തുറയിലെ കടൽഭിത്തികളെയും പുലിമുട്ടുകളെയും ഭേദിച്ച് തിരകൾ വീടുകളിലേക്ക് ഇരച്ചുകയറി. തിരയടിച്ച് വെള്ളം കയറിയ 46 കുടുംബങ്ങൾ വീടുകളൊഴിഞ്ഞു. ഇവരിൽ കുട്ടികളടക്കമുള്ള 41 പേരെ ദുരന്തനിവാരണ വകുപ്പിന്റെ കീഴിൽ മുട്ടത്തറയിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
അടിമലത്തുറ, പൂന്തുറ, വലിയതുറ, ശംഖുംമുഖം, ബീമാപള്ളി അടക്കമുള്ള മേഖലകളിലെ തൊഴിലാളികൾ വള്ളങ്ങൾ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റി. കഴിഞ്ഞ മാർച്ച് 31-നും കള്ളക്കടൽ പ്രതിഭാസമുണ്ടായപ്പോൾ പൂന്തുറ മടുവത്ത് വള്ളങ്ങൾ മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. ഇവരിൽ ഒരാൾ വാരിയെല്ലുകൾക്ക് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചിരുന്നു.