വെള്ളയമ്പലം: കുടുംബങ്ങളുടെ വീണ്ടെടുപ്പ് ലക്ഷ്യംവച്ച് പ്രവർത്തിക്കുന്ന കുടുംബപ്രേഷിത ശുശ്രൂഷയിൽ കൗൺസിലിംഗ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ത്രിതലകൗൺസിലിംഗ് സംവിധാനമൊരുക്കി. ‘പ്രത്യാശ’ എന്നപേരിൽ നടപ്പിലാക്കുന്ന പരിപാടിയിൽ ഇടവക, ഫൊറോന, സ്കൂൾ തലങ്ങളിൽ കൗൺസിലിംഗ് സേവനം ലഭ്യമാക്കും. കുടുംബശുശ്രൂഷ ഡയറക്ടർ ഫാ. റിച്ചാർഡ് സഖറിയാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് നിർവഹിച്ചു. വികാർ ജനറൽ മോൺ. യൂജിൻ എച്ച്. പെരേര ബ്രോഷർ പ്രകാശനം ചെയ്തു.
ഇടവകതലത്തിലും ഫൊറോനതലത്തിലും നിശ്ചിത ദിവസങ്ങളിലും സമയങ്ങളിലും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് ഇടവകകളിലും ഫൊറോന സെന്ററുകളിലും വച്ചുതന്നെ കുടുംബങ്ങൾക്ക് കൗൺസിലിംഗ് സേവനം ലഭ്യമാക്കും. സ്കൂൾതലത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് അധികൃതർ ആവശ്യപ്പെടുന്നതിനനുസരിച്ച് നിശ്ചിത ദിവസങ്ങളിലോ അല്ലങ്കിൽ ഒരു പ്രത്യേക പരിപാടിയായോ വിദ്യാർത്ഥികൾക്കായി കൗൺസിലിംഗ് സേവനമൊരുക്കും.
ത്രിതല കൗൺസിലിംഗ് സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി പരിപാടിയിൽ പങ്കാളിത്തം വഹിക്കുന്ന കൗൺസിലേഴ്സിനുള്ള പരിശീലന പരിപാടിയും അന്നേദിനം നടന്നു. പരിശീലനത്തിന് ഫാ. ഡോ. എ. ആർ. ജോൺ, ഡോ. പ്രമോദ്, ഡോ. ഫ്രെസ്നൽ ദാസ് എന്നിവർ നേതൃത്വം നൽകി.