തിരുവനന്തപുരം: ആഗോള സഭയിൽ മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കും വേണ്ടിയുള്ള നാലാം ലോക ദിനം ജൂലൈ 28 ഞായറാഴ്ച അതിരൂപതയിലെ എല്ലാ ഇടവകകളിലും സമുചിതം ആചരിച്ചു. അനുവർഷം ജൂലൈ മാസത്തെ നാലാമത്തെ ഞായറാഴ്ചയാണ് ഈ ദിനാചരണം. വിശുദ്ധരായ ജൊവാക്കിൻറെയും അന്നയുടെയും തിരുന്നാൾ തിരുസഭ ആഘോഷിക്കുന്ന ജൂലൈ 26-നോട് അടുത്തുവരുന്ന ഞായറാഴ്ചയാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നത്.
ഇടവകകളിൽ നടന്ന ദിവ്യബലിയിൽ മുത്തശിമുത്തശന്മാർക്കും വയോധികർക്കും പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. ആമുഖവും, വചനവിചിന്തനവും, വിശ്വാസികളുടെ പ്രാർഥനയുമൊക്കെ ദിനാചരണവുമായി ബന്ധപ്പെടുത്തിയുള്ളതായിരുന്നു. വയോധികരെ പൂക്കൾ നൽകി സ്വീകരിച്ചും, പൊന്നാടയണിഞ്ഞ് ആദരിച്ചും, കുഞ്ഞുമക്കൾ സമ്മാനങ്ങൽ നൽകി സന്തോഷിപ്പിച്ചും ദിനാചരണം അർത്ഥവത്താക്കി. ചിലയിടവകകളിൽ ഇവർക്കായി സ്നേഹവിരുന്നും, കലാപരിപാടികളും ഒരുക്കി ആഘോഷം വർണാഭമാക്കി. ദേവാലയത്തിൽ എത്താൻ സാധിക്കാത്ത വയോധികരെ ഭവനങ്ങളിലും വൃദ്ധസദനങ്ങളിലും ഇടവക വികാരിയുടെ നേതൃത്വത്തിൽ സന്ദർശിക്കുകയും അവരോടൊപ്പമായിരുന്നുക്കൊണ്ട് പ്രാർത്ഥിക്കുകയും ചെയ്ത് മാതൃകപരമായ പ്രവർത്തനങ്ങളും ഇടവകകൾ നടത്തി.
എല്ലാ ഇടവകകളിലും ദിനാചരണ പ്രവർത്തനങ്ങൾക്ക് കുടുംബപ്രേഷിത ശൂശ്രൂഷയാണ് നേതൃത്വം നൽകിയത്. ഈ ദിനാചരണത്തിനായി മുന്നൊരുക്ക പ്രവർത്തനങ്ങൾ ആഴ്ചകൾക്കുമുമ്പേ ഫാമിലി കമ്മിഷൻ കെ.ആർ.എൽ.സി.ബി.സി.-യും അതിരൂപത കുടുംബപ്രേഷിതശുശ്രൂഷയും മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തിയിരുന്നു. 2021 ജനുവരി 31-ന് നയിച്ച ത്രികാല പ്രാർത്ഥനാ വേളയിലാണ് ഫ്രാൻസീസ് പാപ്പാ ഈ വാർഷിക ദിനാചരണ പ്രഖ്യാപനം നടത്തിയത്. ഇക്കൊല്ലത്തെ ദിനാചരണത്തിനായി പാപ്പാ നല്കിയ വിചിന്തന പ്രമേയം “വാർദ്ധക്യത്തിൽ എന്നെ തള്ളിക്കളയരുതേ” (സങ്കീർത്തനം 71:9) എന്ന, എഴുപത്തിയൊന്നാം സങ്കീർത്തനത്തിലെ ഒമ്പതാം വാക്യത്തിലൂടെ ഉയരുന്ന പ്രാർത്ഥനയാണ്