ജൂലൈ 28 ഞായറാഴ്ച മുത്തശ്ശീമുത്തച്ഛന്മാരുടെ നാലാമത് ആഗോളദിനം ആചരിക്കാനിരിക്കെ, യുവജനങ്ങളും വയോധികരും തമ്മിലുള്ള ബന്ധം ശക്തമായി കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. സാമൂഹ്യമാധ്യമമായ എക്‌സിൽ, ജൂലൈ 24 ബുധനാഴ്ച കുറിച്ച സന്ദേശത്തിലൂടെയാണ് പുതുതലമുറയുടെ വളർച്ചയ്ക്കുപകരിക്കുന്ന ഇത്തരമൊരു ബന്ധത്തിന്റെ പ്രാധാന്യം പാപ്പാ ഓർമ്മിപ്പിച്ചത്. വയോധികരുടെ അനുഭവസമ്പത്ത് യുവജനങ്ങളിൽ പ്രതീക്ഷകളുടെ നാമ്പുകൾ മെച്ചപ്പെട്ട രീതിയിൽ വളരാൻ സഹായിക്കുമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. അങ്ങനെ സാഹോദര്യം വളരുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാൻ നമുക്ക് സാധിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
“യുവജനങ്ങളും വയോധികരും തമ്മിലുള്ള ഒരു നവബന്ധം നമുക്ക് ആവശ്യമാണ്. സുദീർഘമായ അനുഭവസമ്പത്തുള്ള ആളുകളുടെ ജീവദ്രവം, വളർന്നുവരുന്നവരിലെ പ്രതീക്ഷകളുടെ മുകുളങ്ങളെ നനയ്ക്കട്ടെ. ഇതുവഴി നമുക്ക് ജീവിതത്തിന്റെ മനോഹാരിത അറിയുകയും, സാഹോദര്യം പുലരുന്ന സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യാം” എന്നതായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം.