വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപതയിലെ കുടുംബ പ്രേഷിത ശുശ്രൂഷ പ്രവർത്തകരുടെ സംഗമം വെള്ളയമ്പലത്ത് നടന്നു. കുടുംബ ദീപം എന്നപേരിൽ നടത്തിയ സംഗമം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തിൽ അതിരൂപത വികാർ ജനറൽ മോൺ. യൂജിൻ എച്ച്. പെരേര അധ്യക്ഷം വഹിച്ചു. ക്രിസ്തു കേന്ദ്രീകൃതമാകണം ക്രിസ്തീയ കുടുംബങ്ങൾ. ദൈവത്തെ അകറ്റി നിർത്തുമ്പോഴാണ് കുടുംബങ്ങളിൽ തകർച്ചകൾക്ക് വഴിയൊരുങ്ങുന്നത്. ആയതിനാൽ കുടുംബങ്ങളെ ദൈവിക ചൈതന്യത്തിൽ നിലനിർത്തലാണ് ഓരോ കുടുംബപ്രേഷിത ശുശ്രൂഷ പ്രവർത്തകരുടെയും പ്രഥമ ദൗത്യമെന്ന് തന്റെ സന്ദേശത്തിൽ ക്രിസ്തുദാസ് പിതാവ് പറഞ്ഞു.
പ്രസ്തുത സമ്മേളനത്തിൽ അതിരൂപത ശുശ്രൂഷ കോഡിനേറ്റർ ആശംസകളർപ്പിച്ച് സംസാരിച്ചു. കുടുംബപ്രേഷിത ശുശ്രൂഷ പ്രവർത്തനങ്ങൾ ഫൊറോന – ഇടവക തലങ്ങളിൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ക്രിസ്തുദാസ് പിതാവ് ശുശ്രൂഷ ഡയറക്ടർക്കും ഫൊറോന കോഡിനേറ്റർമാർക്കും ആനിമേറ്റേഴ്സിനും പ്രകാശം പകർന്നുനല്കുകയും കുടുംബപ്രേഷിത ശുശ്രൂഷ പ്രവർത്തകർക്കുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. കുടുംബപ്രേഷിത ശുശ്രൂഷ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉപകാരികളടങ്ങുന്ന സാന്ത്വന കൂട്ടായ്മയിൽ അംഗങ്ങളെ ചേർക്കേണ്ട അംഗത്വ ഫോം ബ്രോഷർ ക്രിസ്തുദാസ് പിതാവ് പ്രകാശനം ചെയ്തു. ഫൊറോന – ഇടവകതല പ്രവർത്തനങ്ങളുടെ സമ്പുഷ്ടീകരണം ലക്ഷ്യം വയ്ക്കുന്ന ബ്രോഷർ മോൺ. യൂജിൻ എച്ച്. പെരേര പ്രകാശനം ചെയ്തു. സാന്ത്വനം മംഗല്യം, കരുണാമയൻ, ഹീലിംഗ് ഹാൻഡ് എന്നീ കാരുണ്യ പദ്ധതികളുടെ സഹായ വിതരണം ബിഷപ് ക്രിസ്തുദാസ്, അതിരൂപത ചാൻസിലർ ഫാ. ജോസ് ജി., അതിരൂപത ജുഡീഷ്യൽ വികാർ ഫാ. ബെബിൻസൺ എന്നിവർ വിതരണം ചെയ്തു. വിവിധ ശുശ്രൂഷകളുടെയും കമ്മിഷനുകളുടെയും ഡയറക്ടർമാരും എക്സിക്യുട്ടീവ് സെക്രട്ടറിമാരും വേദിയിൽ സന്നിഹിതരായിരുന്നു. കുടുംബപ്രേഷിത ശുശ്രൂഷ അതിരൂപത ഡയറക്ടർ ഫാ. റിച്ചാർഡ് സഖറിയാസ് സ്വാഗതവും ശ്രീമതി ആഗ്നസ് ബാബു കൃതജ്ഞതയുമേകി.
പൊതുസമ്മേളനത്തിന് മുമ്പായി കുടുംബ ശുശ്രൂഷ പ്രവർത്തർക്കായി നടന്ന ആരാധനയ്ക്കും പ്രാർഥനയ്ക്കും ഫാ. കുര്യാക്കോസ് നേതൃത്വം നല്കി. തുടർന്ന് നടന്ന മോട്ടിവേഷൻ ക്ലാസ് കെ.ആർ.എൽ.സി.ബി.സി. ഫാമിലി കമ്മിഷൻ സെക്രട്ടറി ഫാ. എ. ആർ. ജോൺ നയിച്ചു. കുടുംബപ്രേഷിത ശുശ്രൂഷ ഫൊറോന വൈദിക കോഡിനേറ്റർമാർ, ആനിമേറ്റേഴ്സ്, രൂപത സമിതിയംഗങ്ങൾ, ഫൊറൊന സമിതിയംഗങ്ങൾ, ഇടവക ഭാരവാഹികൾ, വോളന്റിയേഴ്സ്, പ്രൊ-ലൈഫ് പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.