തിരുവനന്തപുരം : മുതലപ്പൊഴിയിൽ ഇന്നലെയും ഉണ്ടായ മരണം സർക്കാരിൻറെ തുടരുന്ന അനാസ്ഥ തുറന്നുകാട്ടുന്നുവെന്നും നിയമസഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നും തിരുവനന്തപുരം ലത്തീൻ അതിരൂപതാ വികാരി ജനറൽ മോൺ. യൂജിൻ പെരേര ആവശ്യപ്പെട്ടു.
മുതലപൊഴിയിൽ അശാസ്ത്രിയമായ പുലിമുട്ട് നിർമ്മാണം മൂലം അപകട മരണങ്ങൾ നടന്നിട്ടും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിയ്ക്കാത്തതിൽ പ്രതിഷേധിച്ചു കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ KLCA യുടെ നേതൃത്വത്തിൽ നടത്തിയ നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ജൂലൈ 30ന് പ്രഖ്യാപിച്ച 7 ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ല. ഇന്നലെ മരണപ്പെട്ട വിക്ടറിന്റേത് കൊലപാതകം ആണെന്നും നൽകിയ ഉറപ്പുകൾ പാലിക്കാതെ, സുരക്ഷ ഒരുക്കാതെ അനാസ്ഥയ്ക്ക് കാരണമായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡണ്ട് ഷെറി ജെ. തോമസ് ആവശ്യപ്പെട്ടു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച മാർച്ച് കെആർഎൽസിസി വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ് ഉദ്ഘാടനം ചെയ്തു. ബിജു ജോസി, പാട്രിക് മൈക്കിൾ, ഫാ തോമസ് തറയിൽ, മോൺ. വിൽഫ്രഡ്, രതീഷ് ആൻറണി, ഫാ മൈക്കിൾ തോമസ്, ഫാ. ലൂസിയാൻ, സുരേഷ് സേവിയർ, ജോഷി ജോണി, മെറ്റിൽഡ മൈക്കിൾ,ഫാ ഡാർവിൻ, ജെയിൻ ആൻസിൽ, ജോളി പത്രോസ്, സനു സാജൻ എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ പന്ത്രണ്ട് ലത്തീൻ രൂപതകളിൽ നിന്ന് കെ. എൽ.സി.എ സംസ്ഥാന സമിതി അംഗങ്ങൾ നിയമസഭ മാർച്ചിൽ പങ്കെടുത്തു.