വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെയും മാനേജ്മെന്റ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ആർ സി സ്കൂൾസ്-ന് കീഴിലുള്ള എൽ പി, യു പി വിഭാഗം അധ്യാപകർക്ക് വേണ്ടി ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സ്കിൽ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു . ഇംഗ്ലീഷ് ഭാഷയിൽ നൈപുണ്യം ആർജിക്കുന്നതിനും അതുവഴി വിദ്യാർത്ഥികളെ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനമുള്ളവരാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. എൽ പി, യു പി വിഭാഗം അധ്യാപകരെ 40 പേർ വീതമടങ്ങുന്ന അഞ്ചു ബാച്ചുകളാക്കി ഓരോ ബാച്ചിനും തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ ഒരു മാസം നീണ്ടുനിന്ന ക്ലാസ്സുകൾ അധ്യാപർക്ക് ഏറെ ഉപകാരപ്രദമായി.
അതിരൂപതാ കോർപ്പറേറ്റ് മാനേജർ ഫാ. സൈറസ് കളത്തിൽ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനം ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്തു. അതിരൂപതാ കാത്തലിക് ടീച്ചേർസ് ഗിൾഡ് പ്രസിഡന്റ് ശ്രീ ജോയ് ലോറൻസ് സ്വാഗതമേകി. സിവിൽ സർവീസ് അക്കാദമികളിലും ഇതര മത്സരപരീക്ഷകളായ IELTS, TOEFL, OET, GRE, SAT, CAT, MAT എന്നിവയിലും ഭാഷാ പരിശീലനം നൽകുന്ന പ്രഗൽഭരായ സൂസൻ ജോർജ്, ജയ ചന്ദ്രശേഖർ എന്നിവർ ക്ലാസുകൾ നയിച്ചു.