കോവളം: കേരള റീജീണല്‍ ബി.സി.സി. കമ്മീഷന്‍ അംഗങ്ങള്‍ തിരുവനന്തപുരം അതിരൂപത സന്ദര്‍ശിച്ചു. മാര്‍ച്ച് മാസം 29, 30 തീയതികളിലായി കെ.ആര്‍.എല്‍.സി.സി. എക്സിക്യൂട്ടീവ് കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍സണ്‍ പുത്തന്‍വീട്ടിലിന്‍റെ നേതൃത്വത്തില്‍ വരാപ്പുഴ, പുനലൂര്‍, ആലപ്പുഴ രൂപതകളില്‍ നിന്നായി 21 അംഗങ്ങളാണ് തിരുവനന്തപുരം അതിരൂപത സന്ദർശിച്ചത്. മാര്‍ച്ച് 29, 30 തീയതികളിലായി നടന്ന റീജിണല്‍ സന്ദർശനവും വിലയിരുത്തലും കുടുംബകൂട്ടായ്മകളിൽ പങ്കെടുത്തുകൊണ്ടാണ് ആരംഭിച്ചത്. അതിരൂപതയിലെ അഞ്ച് ഫെറോനകളിലെ 6 ഇടവകകളിൽ റീജിണല്‍ ടീം അംഗങ്ങള്‍ സന്ദര്‍ശിച്ചു. സെന്‍റ് ആന്‍റണീസ് ദേവാലയം – വലിയതുറ, സെന്‍റ് ആന്‍സ് ദേവാലയം – പേട്ട, ഹോളി ക്രോസ് ദേവാലയം-പാലപ്പൂര്, മേരി മാഗ്ദലന്‍ ദേവാലയം – പരുത്തിയൂര്‍, വിമലഹൃദയ ദേവാലയം – നെല്ലിയോട്, സ്നാപക യോഹന്നാന്‍ ദേവാലയം – തുമ്പ എന്നീ ഇടവകകളിലെ 6 കുടുംബയൂണിറ്റുകളാണ് സന്ദര്‍ശിച്ചത്.
സന്ദര്‍ശനത്തെ തുടര്‍ന്ന് അതിരൂപത എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡാനിയേല്‍, അതിരൂപത ആനിമേറ്റര്‍മാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കൂട്ടായ്മകളില്‍ കണ്ട നന്മകളും കുറവുകളും റീജണല്‍ ടീം അംഗങ്ങള്‍ അവതരിപ്പിച്ചു. ശുശ്രൂഷാ കേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങളും റിപ്പോര്‍ട്ട് അവതരണവും അനുകരണീയമായ മാതൃകയാണെന്ന് അഭിപ്രായപ്പെട്ടു. 30-ാം തീയതി ഞായറാഴ്ച ഫെറോനാതല പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണം നടന്നു. അതിരൂപതയിലെ 10 ഫെറോനകളില്‍ നിന്നായി 50 അല്മായര്‍ റിപ്പോർട്ടവതരണത്തിലും വിലയിരുത്തലിലും പങ്കുചേര്‍ന്നു. ഫെറോന ബി.സി.സി. കമ്മീഷന്‍ സെക്രട്ടറിമാര്‍, സിസ്റ്റര്‍ പ്രതിനിധികള്‍, ഫെറോന റിസോഴ്സ് ടീം അംഗങ്ങള്‍, അതിരൂപത ബി.സി.സി. ആനിമേറ്റര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 5 അംഗങ്ങള്‍ വീതമാണ് ഒരു ഫെറോനയെ പ്രതിനിധീകരിച്ച് എത്തിച്ചേര്‍ന്നത്. സന്ദര്‍ശനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷം നടന്ന സമാപന സമ്മേളനത്തിൽ ഇത്തരത്തിലുള്ള കൂടിവരവുകള്‍ രൂപതകള്‍ തമ്മിലുള്ള ബന്ധത്തെ ശാക്തീകരിക്കുവാനും നന്മകള്‍ പരസ്പരം കണ്ടുപഠിക്കുവാനും സാധിക്കുമെന്ന് ഫാ. ജോണ്‍സണ്‍ പുത്തന്‍വീട്ടില്‍ അഭിപ്രായപ്പെട്ടു.