അഞ്ചുതെങ്ങ്: കുടുംബങ്ങളുടെ വീണ്ടെടുപ്പ് ലക്ഷ്യംവച്ച് അഞ്ചുതെങ്ങ് ഇടവകയിൽ കുടുംബ പ്രേഷിത ശൂശ്രൂഷയുടെ നേതൃത്വത്തിൽ നടക്കുന്ന ഫാമിലി അഗാപ്പേയുടെ രണ്ടാദിനത്തിൽ തകർന്ന കുടുംബങ്ങൾക്കും കൗദാശിക ജീവിതത്തിൽ നിന്നും അകന്ന് കഴിയുന്ന കുടുംബങ്ങൾക്കും വേണ്ടിയുള്ള അജപാലന പ്രവർത്തനങ്ങൾ നടന്നു. രാവിലെ 9 മണിക്ക് ഇവർക്കായുള്ള കൗൺസിലിംഗും കുമ്പസാരവും ആരംഭിച്ചു. ഇതിനായി പരിശീലനം ലഭിച്ച 25-ലധികം കൗൺസിലേഴ്സിന്റെയും കുമ്പസാരത്തിനായി പ്രത്യേകം വൈദികരുടെയും സേവനം ഇടവകയിൽ ലഭ്യമാക്കിയിട്ടുണ്ട്. കുടുംബ ശുശ്രൂഷ വോളന്റിയേഴ്സ് രാവിലെ വിധവകളേയും വിഭാര്യരേയും നേരിൽ സന്ദർശിച്ച് സാന്ത്വനമേകി.
ഉച്ചഭക്ഷണത്തിന് ശേഷം തകർന്ന കുടുംബങ്ങളെയും കൗദാശിക ജീവിതത്തിൽ അകന്ന് കഴിയുന്ന കുടുംബങ്ങളേയും നേരിൽ സന്ദർശിച്ച് കുടുംബങ്ങളുടെ വീണ്ടെടുപ്പിനായുള്ള പരിശ്രമങ്ങൾക്ക് തുടക്കംകുറിച്ചു. ഇതേസമയം ദേവാലയത്തിൽ ഭിന്നശേഷികാർക്കായി നടന്ന ശാക്തീകരണ ക്ലാസ്സിന് ബിജു സൈമൺ നേതൃത്വം നൽകി. വൈകുന്നേരം ഫൊറോന വികാരി ഫാ. ജസ്റ്റിൻ ജൂഡിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിക്ക് ശേഷം ഫാ. കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള കപ്പുച്ചിൻ വൈദികർ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ആരംഭിച്ചു. ഇതിൽ ഇടവകയിലെ എല്ലാ കുടുംബങ്ങളും പ്രത്യേകിച്ച് ഇന്ന് സന്ദർശനം നടന്ന കുടുംബാംഗങ്ങളും, ഭിന്നശേഷിക്കാരും സജീവമായി പങ്കുചേർന്നു. ദൈവസന്നിധിയിൽവച്ച് രൂപം നൽകിയ ക്രിസ്തീയ കുടുംബങ്ങൾ തകരാനിടയാകുന്നത് ദൈവത്തിൽ നിന്നും അകലുന്നതിനാലാണെന്ന ബോധ്യത്തിൽ വരാൻ കുടുംബങ്ങൾക്ക് കഴിയുന്നതായി കുടുംബ ശുശ്രൂഷ ഡയറക്ടർ ഫാ. റിച്ചാർഡ് സഖറിയാസ്, ഇടവക വികാരി ഫാ. സന്തോഷ് എന്നിവർ പറഞ്ഞു. ഫാമിലി അഗാപ്പേയിൽ നടക്കുന്ന സന്ദർശനത്തിലൂടെയും കുടുംബ നവീകരണ ധ്യാനത്തിലൂടെയും കൗൺസിലിംഗ്, കുമ്പസാരം, ക്ലാസ്സ് എന്നിവയിലൂടെയും കുടുംബങ്ങളുടെ വീണ്ടെടുപ്പ് സാധ്യമാകുമെന്ന പ്രത്യാശയും അവർ പങ്കുവച്ചു.



