അഞ്ചുതെങ്ങ്: കുടുംബങ്ങളുടെ ശാക്തീകരണത്തിനും വീണ്ടെടുപ്പിനുമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന കർമ്മപരിപാടികളുമായി ‘ഫാമിലി അഗാപ്പേ’ അഞ്ചുതെങ്ങ് ഇടവകയിൽ നാളെ (മാർച്ച് 9, ഞായർ) തുടക്കം കുറിക്കും. ഇതിനോടനുബന്ധിച്ച് മാർച്ച് 8 ശനിയാഴ്ച ഇടവകയിലെ ലിറ്റിൽ-വേ കുട്ടികളുടെ നേതൃത്വത്തിൽ വിളംബര റാലി നടന്നു. അഞ്ചുതെങ്ങ് ഫൊറോന കുടുംബ ശുശ്രൂഷ കോ-ഓർഡിനേറ്റർ ഫാ. ബീഡ് മനോജ് റാലി ഫ്ളാഗ ഓഫ് ചെയ്തു. കുടുംബ ശുശ്രൂഷ അതിരൂപത ഡയറക്ടർ ഫാ. റിച്ചാർഡ് സഖറിയാസ്, അഞ്ചുതെങ്ങ് ഇടവക വികാരി ഫാ. സന്തോഷ്, കുടുംബ ശുശ്രൂഷ പ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അതിരൂപത ബിസിസി കമ്മിഷൻ നടത്തിയ ഹോം മിഷന്റെ തുടർപ്രവർത്തനമായാണ് കുടുംബപ്രേഷിത ശുശ്രൂഷ ഫാമിലി അഗാപ്പേ എന്ന പേരിൽ കുടുംബങ്ങളുടെ വീണ്ടെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നത്. അതിരൂപത സഹായ മെത്രാൻ ക്രിസ്തുദാസ് ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിയോടെ ഫാമിലി അഗാപ്പേ പ്രവർത്തങ്ങൾ ഇടവകയിൽ ആരംഭിക്കും. കുടുംബ നവീകരണ ധ്യാനം, ദിവ്യബലി, കൗൺസിലിംഗ്, കുമ്പസാരം, പ്രത്യേക ശ്രദ്ധവേണ്ടവരുടെ സന്ദർശനം, ഗർഭിണികൾക്കും അവരെ പരിചരിക്കുന്നവർക്കും വേണ്ടി നടത്തുന്ന എലീശ്വാ ധ്യാനം, കുടുംബശാക്തീകരണ ക്ലാസ്സുകൾ, സെമിനാറുകൾ, മാധ്യമ മുക്ത കുടുംബ മണിക്കൂർ ക്യാമ്പയിൻ, യുവജനങ്ങൾക്കും കൗമാരകാർക്കും വേണ്ടിയുള്ള ഇൻസ്പയറിംഗ് അഥവാ ലൈഫ് പ്രിപ്പറേഷൻ കോഴ്സ് , ആർ. സി മാട്രി മോണിയൽ ക്യാമ്പയിൻ തുടങ്ങി വിപുലമായ പരിപാടികളാണ് ഒരാഴ്ചക്കാലം നടത്തുന്നത്.