തിരുവനന്തപുരം: അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ 34 -ാമത് വാർഷിക യോഗം ‘ഹൃദ്യം 2025’ ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് RC സ്കൂൾസ് -ൽ നിന്ന് സ്തുത്യർഹമായ സേവനത്തിനു ശേഷം വിരമിക്കുന്ന 38 അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. വെള്ളയമ്പലം ലിറ്റിൽ ഫ്ലവർ പാരിഷ് ഹാളിൽ വച്ചുനടന്ന പരിപാടി തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെ സ്വാധീനം വിദ്യാർഥികളിൽ ജീവിതകാലം മുഴുവൻ നില നില്ക്കുന്നതാണെന്നും ആയതിനാൽ അധ്യാപകരുടെ ശരിയായ അനുധാവനം ഭാവിയുടെ വാഗ്ദാനങ്ങളെ വാർത്തെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൾഡ് പ്രസിഡന്റ് ജോയ് ലോറൻസ് ചടങ്ങിൽ അധ്യക്ഷനായിരുന്നു. അധ്യാപകർ നക്ഷത്രങ്ങളെപ്പോലെ പ്രകാശപൂരിതരാകേണ്ടവരും നക്ഷത്രങ്ങളെ വാർത്തെടുക്കേണ്ടവരാണെന്നും അനുഗ്രഹ പ്രഭാഷണം നടത്തിയ ബിഷപ് ക്രിസ്തുദാസ് പറഞ്ഞു. വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേര, ആർ. സി.സ്കൂൾ മാനേജർ ഫാ. സൈറസ് കളത്തിൽ, അധ്യാപക പ്രതിനിധി പള്ളിത്തുറ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീ കനകദാസ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ ബീന ജെ. ഡി. ടീച്ചർ സ്വാഗതം അർപ്പിച്ചു. ടീച്ചേഴ്സ് ഗിൽഡ് സെക്രട്ടറി ശ്രീമതി ക്രിസ്റ്റബൽ വർഗീസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സജി ടീച്ചർ ഏവർക്കും നന്ദി അർപ്പിച്ചു. തുടർന്ന് അധ്യാപകരുടെ കലാപരിപാടികൾ അരങ്ങേറി.