വെള്ളയമ്പലം: അതിരൂപത പ്രസിദ്ധീകരണമായ ജീവനും വെളിച്ചവും മാസികയുടെ ക്രിസ്തുമസ് പുതുവത്സര പതിപ്പ് പുറത്തിറങ്ങി. വെള്ളയമ്പലം ബിഷപ്സ് ഹൗസിൽ ആർച്ച് ബിഷപ് തോമസ് ജെ. നെറ്റോ പ്രകാശനം ചെയ്തു. ചീഫ് എഡിറ്റർ ഫാ. വിജിൽ ജോർജ്ജ്, എഡിറ്റർ ബർഗ്മാൻ തോമസ്, ലേ ഔട്ട് & ഡിസൈൻ എന്നിവ നിർവഹിക്കുന്ന സതീഷ് ജോർജ്ജ്, ഓഫീസ് സ്റ്റാഫ് മനു എന്നിവർ സന്നിഹിതരായിരുന്നു.
വിഭവസമൃദ്ധമാണ് ഈ ക്രിസ്തുമസ്- പുതുവത്സരപ്പതിപ്പ്. തുടക്കത്താളുകളിൽ ക്രിസ്തുമസ് കേവലം ഒരു ചരിത്ര സംഭവമല്ല, മറിച്ച് നമ്മുടെ ജീവിതത്തിൽ ക്രിസ്തുവിന്റെ സ്നേഹവും വിനയവും പ്രതിഫലിപ്പിക്കാൻ നമ്മെ ക്ഷണിക്കുന്ന ഒരു യഥാർഥ്യമാണ് എന്ന തോമസ് നെറ്റോ പിതാവിന്റെയും മനുഷ്യാന്തസ്സ് ഉയർത്തി പ്പിടിക്കാനാകട്ടെ ഈ പുതുവർഷം എന്ന ക്രിസ്തുദാസ് പിതാവിന്റെയും ഇടയസന്ദേശങ്ങളാണ്.
തുടർന്ന്, യേശു: അവൻ ആരായിരുന്നു; അവന്റെ അത്ഭുതം, അവന്റെ ദൗത്യം, അവന്റെ സ്നേഹം എന്ന തലക്കെട്ടിൽ 2024-ലെ TIME മാഗസിന്റെ പ്രത്യേക പതിപ്പിനെ എടുത്തെഴുതുന്നു സിസ്റ്റർ റീഷ്മ സൈമൺ. അവിടന്ന് നമ്മെ സ്നേഹിച്ചു എന്ന ഫ്രാൻസിസ് പാപ്പയുടെ ചാക്രികലേഖനം പകർത്തിയെഴുതുന്നു വർഗീസ് ജോസഫച്ചൻ. ക്രിസ്തുമസ് ലോക ജനതയുടെ പെരുന്നാളാണ് എന്ന് ഇമ്മാനുവേലച്ചനും ദൈവം ഒരു പെൺകുട്ടിയുടെ ഗർഭഗൃഹ വാതിൽക്കൽ മുട്ടിയിട്ട് എനിക്ക് ജനിക്കാൻ ഇടം തരുമോ എന്ന് ചോദിക്കുന്നു. അവൾ സമ്മതിച്ചപ്പോൾ സംഭവിച്ചതാണ് ക്രിസ്തുവിന്റെ ജനനം എന്ന് ജോസ് സുരേഷ് കപ്പൂച്ചിനും എഴുതുന്നു.കൂടെയുണ്ട്, പ്രത്യാശയുടെ തീർത്ഥടനത്തിന് കാലത്തിന്റെ അടയാളങ്ങളുമായി ഡോ. എ ആർ ജോൺ, BCC നവനേതൃത്വവുമായി ഡാനിയേലച്ചൻ, പുതുവർഷം പുതുചിന്തകളുമായി രജിത വൈ ആർ, വർഷാദ്യദിന ചിന്തകളുമായി ഫാ. തോമസ് പാട്ടത്തിൽചിറ, പുതിയ ആകാശം പുതിയ ഭൂമിയുമായി സുനിൽ സി. ഇ, ജനപ്രതിരോധങ്ങളുടെ പുതുകാലവുമായി ഡോ. ഐറിസ് കൊയ്‌ലോ, ഉൾക്കൊള്ളലും തുല്യതയും സാമൂഹിക നീതിയും നഷ്ട മായ്ക്കൊണ്ടിരിക്കുന്ന ഒരുകാലത്ത് സമത്വത്തിലധിഷ്ഠിതമായ നമ്മുടെ ഭരണഘടനയ്ക്കായി പോരാടാൻ ആഹ്വാനം ചെയ്യുന്നു നേർക്കാഴ്ചയിൽ ജെ. സി, വായനയിൽ എക്കാലത്തെയും മികച്ച പുസ്തകമായ കെ പി അപ്പന്റെ ബൈബിൾ വെളിച്ചത്തിന്റെ കവചവുമായി താര ഇഗ്നേഷ്യസ്സ്. ജീവനും വെളിച്ചം മാസികയുടെ വരിക്കാരാകുന്നതിന്> 77364 88423.